റിയാദ്: പ്രായപൂർത്തിയാകുന്നതിന് മുമ്പ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിന് മുർതജ ഖുറൈരിസ് എന്ന ബാലന് സൗദി ഏർപ്പെടുത്തിയ വധശിക്ഷ റദ്ദാക്കി. കൗമാരക്കാരന് വധശിക്ഷ നൽകാനുള്ള തീരുമാനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. സൗദിയിലെ ജയിലിൽ കഴിയുന്ന 19കാരനായ മുർതജ ഖുറൈസിസിന്റെ വധശിക്ഷ ഭരണകൂടം റദ്ദാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022ൽ ഖുറൈരിസിനെ വിട്ടയച്ചേക്കുമെന്നാണ് റിപ്പോർട്ട്.
അറബ് വിപ്ലവകാലത്ത് സർക്കാരിനെതിരെ പ്രതിഷേധ സൈക്കിൾ റാലി നടത്തിയെന്നതാണ് മുർതജയ്ക്കെതിരായ കുറ്റം. അന്ന് 10 വയസ് മാത്രമായിരുന്നു മുർതജയുടെ പ്രായം. തുടർന്ന് രണ്ട് വർഷത്തിന് ശേഷം 2014ൽ കുടുംബത്തോടാപ്പം ബഹ്റൈനിലേയ്ക്ക് യാത്ര ചെയ്യവേ സൗദി അതിർത്തിയിൽ വെച്ച് കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ കുറ്റവാളിയായി മുർതജ മാറുകയായിരുന്നു.
ഏകാന്ത തടവിൽ കഴിയവേ സൗദി മുർതജയ്ക്ക് അഭിഭാഷകനെ പോലും അനുവദിച്ചില്ലെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ കുട്ടി നേരിടേണ്ടി വന്നെന്നും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടിയിരുന്നു. വധശിക്ഷ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ നേരത്തെ ആംനെസ്റ്റി രംഗത്തു വന്നിരുന്നു.
12 വർഷത്തെ തടവുശിക്ഷയായിരുന്നു മുർതജയ്ക്ക് ആദ്യം വിധിച്ചതെങ്കിലും കഴിഞ്ഞ ഏപ്രിലിൽ മറ്റ് 32 പേർക്കൊപ്പം മുർതജയ്ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. ഇതോടെ ലോകമെമ്പാടും സൗദി ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇതേത്തുടർന്നാണ് സൗദിയുടെ തിരുത്തൽ നടപടി.