വള്ളികുന്നം: സൗമ്യയെ വധിക്കാൻ അജാസ് ഇതിനു മുമ്പും ശ്രമിച്ചിരുന്നതായി അമ്മ ഇന്ദിരയുടെ വെളിപ്പെടുത്തൽ. ഒരിക്കൽ വീട്ടിലെത്തി മർദ്ദിച്ചിരുന്നുവെന്നും ഇന്ദിര പറഞ്ഞു.
അജാസ് സൗമ്യയെ വിവാഹത്തിന് പ്രേരിപ്പിച്ചിരുന്നു. എന്നാൽ സൗമ്യ ഈ ആവശ്യം നിരസിച്ചു. ഇരുവരും തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു. നേരത്തേ രണ്ട് തവണ അജാസ് സൗമ്യയെ കൊല്ലാൻ പെട്രോളുമായി വീട്ടിലെത്തി. അന്ന് തലനാരിഴയ്ക്കാണ് സൗമ്യ രക്ഷപ്പെട്ടത്. ഒന്നേകാൽ ലക്ഷം രൂപ സൗമ്യ അജാസിൽ നിന്നു വായ്പ വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാൻ സൗമ്യ ശ്രമിച്ചെങ്കിലും അത് വാങ്ങാൻ അജാസ് തയ്യാറായില്ലെന്നും അമ്മ പറഞ്ഞു. എന്തും ചെയ്യാൻ തന്റേടമുള്ള അളാണ് അജാസെന്നും തന്നെ അപായപ്പെടുത്താൻ അജാസ് ശ്രമിച്ചേക്കുമെന്നും അമ്മ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകൻ ഋഷികേശും പറഞ്ഞു.
അജാസിൽ നിന്ന് കടുത്തൊരു ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും. സൗമ്യയും അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇവർ തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസിന് വ്യക്തമായി. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ എറണാകുളം ട്രാഫിക് പൊലീസിൽ ജോലി ചെയ്യുന്ന അജാസ് കൊലപ്പെടുത്തിയത്.