കൊൽക്കത്ത: മമതാബാനർജിയുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് സമരം ചെയ്യുന്ന ഡോക്‌ടർമാർ. എന്നാൽ തങ്ങളുടെ ചില നിബന്ധനകൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ചർച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാം എന്നാൽ മാദ്ധ്യമങ്ങൾക്ക് മുന്നിലാകും തങ്ങൾ ചർച്ചയ്‌ക്കെത്തുകയെന്ന് റസിഡന്റ് ഡോക്ടർമാർ വ്യക്തമാക്കി.
ആശുപത്രികൾക്ക് കർശനമായ സുരക്ഷ ഒരുക്കണം. അക്രമികൾക്കെതിര കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാളിൽചേർന്ന റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ ജനറൽബോഡിയുടേതാണ് തീരുമാനം.
സമരം നീളുന്നത് രോഗികളെ വലക്കുകയാണ്. ചികിത്സകിട്ടാതെ ബംഗാളിലെ 24 പർഗാനാസിൽ നവജാതശിശു കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ മുന്നൂറ് ഡോക്ടർമാർ ഇതിനോടകം രാജി വച്ചുകഴിഞ്ഞു. പ്രശ്‌നം കൂടുതൽ വഷളാകാതിരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൗസ് സർജ്ജന്മാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്ത് നൽകി. പ്രശ്‌ന പരിഹാരംതേടി മമത ബാനർജിക്കും ഹൗസ് സർജൻസ് അസോസിയേഷൻ കത്ത് നൽകിയിട്ടുണ്ട്.