മാഞ്ചെസ്റ്റർ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പുറത്താകലിന് പിന്നിൽ ദുരൂഹത. പാകിസ്ഥാനെതിരെ മികച്ച രീതിയിൽ കളിച്ച കോഹ്ലി അർദ്ധ സെഞ്ച്വറി നേടിയാണ് കളം വിട്ടത്. മത്സരത്തിൽകോഹ്ലി പുറത്തായതിന് പിന്നിൽ താരത്തിന് തന്നെ പിഴവ് പറ്റിയോ ഇല്ലയോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുന്നത്.
65 പന്തിൽ നിന്ന് 77 റണസെടുത്ത കോഹ്ലി മുഹമ്മദ് ആമിറിന്റെ പന്തിലാണ് പുറത്തായത്. 48ാം ഒാവറിൽ ആമിർ എറിഞ്ഞ പന്ത് ബാറ്റിൽ ഉരസി എന്ന് കരുതിയാണ് ക്യാപ്റ്റൻ പവനിയനിലേക്ക് പോയത്. ആ പന്തിൽ സർഫ്രാസ് അപ്പീൽ വിളിച്ചെങ്കിലും അംപയർ ഒൗട്ട് വിധിച്ചിരുന്നില്ല. എന്നാൽ ഇതൊന്നും മനസിലാകാതെ കോഹ്ലി ക്രീസിൽ നിന്ന് വിടുകയാണ് ചെയ്തത്. ടിവി റീപ്ലേകളിൽ നിന്ന് പന്ത് കോഹ്ലിയുടെ ബാറ്റിൽ ഉരസിയില്ലെന്ന് വ്യക്തമായി. തുടർന്ന് ഡ്രസിങ് റൂമിലിരുന്ന് ധോണിയും കോഹ്ലിയും ചേർന്ന് ബാറ്റ് പരിശോധിക്കുന്നതും കാണാമായിരുന്നു.