woman-police-officer
സൗമ്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ആംബുലൻസിലേക്ക് കയറ്റുന്നു

ആലപ്പുഴ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് തന്നെയാണ് താൻ സ്ഥലത്തെത്തിയതെന്ന് സുഹൃത്തായ പൊലീസുകാരൻ അജാസിന്റെ മൊഴി. സൗഹൃദം ശല്യമായി മാറിയതോടെ സൗമ്യ ഇയാളുടെ നമ്പർ ബ്ളോക്ക് ചെയ്തതാണ് വൈരാഗ്യത്തിനു കാരണമായത്. പ്രണയം പരാജയപ്പെട്ടതും വൈരാഗ്യത്തിന് കാരണമായി. സൗമ്യയുടെയും തന്റെയും ദേഹത്ത് പെട്രോൾ ഒഴിച്ചു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകിയിട്ടുണ്ട്.

സൗമ്യ തന്നെ ഒഴിവാക്കുന്നതായി തോന്നിയ അജാസ് വള്ളികുന്നത്തെ വീട്ടിലെത്തി സൗമ്യയെ മർദ്ദിച്ചിരുന്നതായും വള്ളികുന്നം എസ്.ഐയെ ഇക്കാര്യം അറിയിച്ചിരുന്നതായും മാതാവ് ഇന്ദിര അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ഇരുവരും സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും ഇന്ദിര മൊഴി നൽകി. എന്നാൽ ഇത് സംബന്ധിച്ച് പരാതികളും ലഭിച്ചിട്ടില്ലെന്ന് വള്ളികുന്നം എസ്.ഐ പറഞ്ഞു.


സൗമ്യയെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അജാസ് എത്തിയത്. സൗമ്യ വീട്ടിലേക്ക് വരുന്നതു കണ്ട് അജാസും എത്തി. എന്നാൽ പെട്ടന്നുതന്നെ സൗമ്യ സ്കൂട്ടറിൽ പുറത്തേക്കു പോയി. ഇതോടെയാണ് കാർ ഇടിച്ച് വീഴ്ത്തിയത്. പ്രാണരക്ഷാർത്ഥം സമീപത്തെ കാന ചാടിക്കടന്ന് ഓടിയ സൗമ്യ പടിഞ്ഞാറു വശത്തുള്ള വീട്ടിലേക്ക് എത്തിച്ചേരുന്നതിനിടെ പിന്നാലെയെത്തിയ അജാസ് കൊടുവാൾ കൊണ്ട് കഴുത്തിലും നെഞ്ചിലും വെട്ടി പരിക്കേൽപ്പിച്ചു. കാറിൽ രണ്ടു കുപ്പികളിലായി കൊണ്ടുവന്ന പെട്രോൾ സ്വന്തം ശരീരത്തിൽ ഒഴിച്ച ശേഷം സൗമ്യയുടെ ദേഹത്തും ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇരുവരുടെയും ഫോൺവിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല. ഇയാളൊടൊപ്പം മറ്റാരോ ഉണ്ടായിരുന്നെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറഞ്ഞു.


അജാസ് വന്നത് വാടക കാറിൽ

എറണാകുളത്ത് നിന്നെടുത്ത വാടക കാറിലാണ് അജാസ് എത്തിയത്. കാറിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാറും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പെട്രോൾ കുപ്പികളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.


സംസ്കാരം ഭർത്താവ് എത്തിയശേഷം

സൗമ്യയുടെ മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഓച്ചിറയിലെ സ്വകാര്യആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ലിബിയയിലുള്ള ഭർത്താവ് സജീവൻ ബുധനാഴ്ച നാട്ടിലെത്തും. തുടർന്നാവും സംസ്കാരം. സൗമ്യയെ കൊലപ്പെടുത്തിയ അജാസ് ആലപ്പുഴ മെഡി. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 60 ശതമാനത്തിനു മുകളിൽ പൊള്ളലുണ്ട്. ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി.കോര, മാവേലിക്കര സി.ഐ പീറ്റർ എന്നിവരുടെ മേൽനോട്ടത്തിൽ വള്ളികുന്നം എസ്.ഐ ഷൈജു ഇബ്രാഹിം സൗമ്യയുടെ ഇൻക്വസ്റ്റ് തയ്യാറാക്കി. കഴുത്തിൽ 15 സെന്റിമീറ്റർ ആഴത്തിൽ വെട്ടേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ ഡോ. അനൂപ്, ഡോ. ദീപ്തി എന്നിവരാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ബന്ധുക്കളും ജില്ലാ പഞ്ചായയത്ത് അംഗം കെ.പി.ശ്രീകുമാർ, ക്ളപ്പന പഞ്ചായത്ത് പ്രസിഡന്റ് പി.എം.ഇക്ബാൽ എന്നുവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കും