തിരുവനന്തപുരം: കേരളാ കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ പാർട്ടി ലീഡർ പി.ജെ ജോസഫും ചെയർമാൻ ജോസ്.കെ മാണിയുമായിരിക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ വ്യക്തമാക്കി. പാർലമെന്ററി പാർട്ടി നേതാവായി ജോസഫ് തന്നെ തുടരുമെന്നും ജോസഫിനെ മാറ്റാൻ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.എഫ് തോമസ് യോഗത്തിലെത്താത്തത് വിട്ടുനിൽക്കലല്ലെന്നും റോഷി വ്യക്തമാക്കി. പാർട്ടി ലീഡറെ തിരഞ്ഞെടുക്കാൻ ചെയർമാൻ യോഗം വിളിക്കും. അതേസമയം ഭരണഘടനാപരമായിട്ടാണ് ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതെന്ന് തോമസ് ചാഴിക്കാടൻ എം.പി പറഞ്ഞു.
മാസങ്ങളായി കേരള കോൺഗ്രസിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന തർക്കം പിളർപ്പിൽ കലാശിച്ചതോടെ ഇരുവിഭാഗവും തമ്മിൽ നിയമയുദ്ധത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ആവർത്തിച്ച് നിരസിച്ച പി.ജെ ജോസഫിനെ ധിക്കരിച്ചാണ് ജോസ് വിഭാഗം ഇന്നലെ യോഗം ചേർന്ന് ജോസ്.കെ മാണിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തത്.