തിരുവനന്തപുരം: ആറ്റിങ്ങലിലെ മുൻ എം.പി എ.സമ്പത്ത് കാറിൽ എക്സ് എംപി ബോർഡ് വച്ച് സഞ്ചരിച്ചുവെന്ന രീതിയിൽ വാർത്ത പരന്നിരുന്നു. സമ്പത്തിനെ വിമർശിച്ച് വി.ടി ബൽറാം എം.എൽ.എയും ഷാഫി പറമ്പിൽ എം.എൽ.എയുമൊക്കെ രംഗത്ത് വന്നിരുന്നു. എന്നാൽ എക്സ് എം.പി ബോർഡ് വ്യാജമാണെന്ന് വ്യക്തമായതോടെ ഇവർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പിയിരുന്നു.
എന്നാൽ നിരുപദ്രവകാരിയായ എക്സ് എം.പി ബോർഡിനേക്കാൾ ഗൗരവമേറിയ പാലാരിവട്ടം മേൽപ്പാലത്തെപ്പറ്റി എന്തിനും പ്രതികരിക്കുന്ന വി.ടി.ബൽറാം, ഷാഫി പറമ്പിൽ ,പി.കെ.ഫിറോസ് എന്നിവർ പ്രതികരിച്ച് കണ്ടില്ലെന്നും, ഈ വിഷയത്തിൽ ഇവരോട് പ്രതികരിക്കാൻ ആവശ്യപ്പെട്ട് തുറന്ന കത്ത് എഴുതിയിരിക്കുയാണ് നിലമ്പൂർ എം.എൽ.എ പി.വി അൻവർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശ്രീ.വി.ടി.ബൽറാം MLA,
ശ്രീ.ഷാഫി പറമ്പിൽ MLA,
ശ്രീ.പി.കെ.ഫിറോസ്,
ഒരു വാഹനത്തിലെ നിരുപദ്രവകരമായ ബോർഡിനേക്കാൾ എത്രയോ ഗൗരവമേറിയ വിഷയമാണ് പാലാരിവട്ടം മേൽപ്പാലത്തെ സംബന്ധിച്ചുള്ളത്.പൊതുജനങ്ങൾക്ക് ജീവഹാനി വരെ സംഭവിക്കാമായിരുന്ന ഇത്ര ഗുരുതരമായ ഒരു പ്രശ്നത്തെ സംബന്ധിച്ച് ഇന്ന് വരെ നിങ്ങൾ മൂന്ന് പേരും പ്രതികരിച്ച് കണ്ടിട്ടില്ല.സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ചെറുപ്പക്കാർ എന്ന നിലയിൽ,പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ നിലപാടുകൾ അറിയാൻ ഞാൻ ഉൾപ്പെടുന്ന പൊതുജനങ്ങൾക്ക് ആഗ്രഹമുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന ഈ നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് നിങ്ങൾക്ക് മൂന്ന് പേർക്കും പറയാനുള്ളതെന്താണ്? ഇന്ന് നിങ്ങൾ വലിയ ആഗോള വിഷയമാക്കി ഉയർത്തുന്ന ഒരു ബോർഡ് വിവാദം ഈ പാലാരിവട്ടം അഴിമതിയുടെ ഏഴയലത്ത് എത്തുന്നതാണോ?നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ചുള്ള ചർച്ചകൾ നിർജ്ജീവമാക്കാനല്ലേ ശ്രമം? ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനായി നിങ്ങൾക്ക് വിലക്കുകൾ നിലവിലുണ്ടോ? മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിർത്തുന്നു.. സ്നേഹപൂർവ്വം, പി.വി.അൻവർ