ന്യൂഡൽഹി: മുഖർജി നഗറിൽ പൊലീസുകാരും ഡ്രെെവറും തമ്മിൽ തർക്കം. പൊലീസുകാരന്റെ വണ്ടിയിൽ വാഹനം ഇടിച്ചു എന്നാരോപിച്ചായിരുന്നു തർക്കം. ഇതിസംബന്ധിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. തർക്കത്തെ തുടർന്ന് ഡ്രെെവർ വാളെടുക്കുന്നതും വീഡിയോയിൽ കാണാം. ശേഷം പൊലീസുകാർ ഡ്രെെവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പൊലീസ് വാഹനവും തമ്മിലിടിച്ചതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ഡ്രൈവർ പ്രകോപിതനായി തങ്ങളെ ആക്രമിച്ചെന്നാണ് പൊലീസിന്റെ വാദം. എന്നാൽ, സംഭവസ്ഥലത്തുള്ള ദൃക്‌സാക്ഷികൾ ഇത് നിഷേധിക്കുന്നു. സിഖുകാരനായ ഡ്രൈവറെ പൊലീസുകാർ ലാത്തികൊണ്ട് തല്ലുന്നതും വീഡിയോയിൽ കാണാം.
ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന 16കാരനായ മകനെയും പൊലീസ് മർദ്ദിച്ചു. ഡ്രൈവർ കയ്യിൽ വാൾ പിടിച്ചിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇതുപയോഗിച്ച് ഇയാൾ ഒരു പൊലീസുകാരനെ ആക്രമിച്ചെന്നാണ് പൊലീസിന്റെ വാദം. എന്നാൽ, വാളുയർത്തി ഭീഷണിപ്പെടുത്തിയതല്ലാതെ ആക്രമണം നടത്തിയില്ലെന്ന് ദൃക്‌സാക്ഷികളിൽ ചിലർ പറയുന്നു.
പൊലീസിന്റെ നടപടി നീതിരഹിതമാണെന്ന് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാൾ പറഞ്ഞു. ഡൽഹി പൊലീസിന്റേത് ക്രൂരവും അപലപനീയവും നീതീകരിക്കപ്പെടാത്തതുമാണ്. സംഭവത്തിൽ നിഷ്‌പക്ഷമായി അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശനനടപടിയെടുക്കണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു.
അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. അതേസമയം, തന്നെ ക്രൂരമായി മർദ്ദിച്ചെന്നും ഡ്രെെവർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സഞ്ജയ് മാലിക്, ദേവേന്ദ്ര, കോൺസ്റ്റബിൾ പുഷ്പേന്ദ്ര എന്നിവരെ സസ്പെൻഡ് ചെയ്തു.