ന്യൂഡൽഹി: വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന്റെ മുഖത്ത് മൂന്ന് വർഷമായി പ്രണയിച്ച കാമുകി ആസിഡൊഴിച്ചു. 'എനിക്ക് നിന്നെ വേണ്ടവിധം തൊടാൻ കഴിയുന്നില്ല' എന്ന് പറഞ്ഞുകൊണ്ട് ബൈക്ക് ഓടിക്കുകയായിരുന്ന കാമുകന്റെ ഹെൽമറ്റ് ഊരി മാറ്റിയായിരുന്നു പെൺകുട്ടിയുടെ ആസിഡ് പ്രയോഗം. ഡൽഹിയിലെ വികാസ്‌പുരി എന്ന പേരുള്ള പ്രദേശത്ത് വച്ചായിരുന്നു സംഭവം നടന്നത്.
വീട് വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന ആസിഡാണ് യുവതി കാമുകനെ ആക്രമിക്കാനായി കൊണ്ടുവന്നത്. മൂന്ന് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയെ വിവാഹം കഴിക്കാൻ കാമുകൻ താൽപ്പര്യം കാണിച്ചിരുന്നില്ല. ബന്ധം അവസാനിപ്പിക്കാനും ഇയാൾ ആവശ്യപെട്ടിരുന്നു. ഇതിൽ മനംനൊന്ത കാമുകി പ്രതികാരമായി ഈ മാർഗം സ്വീകരിക്കുകയായിരുന്നു.
ജൂൺ 11നാണ് ആസിഡ് ആക്രമണം നടന്നുവെന്നറിയിച്ച് ഡൽഹി പൊലീസിന് വിവരം ലഭിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കമിതാക്കളുടെ മേൽ ആസിഡൊഴിച്ചു എന്നായിരുന്നു പൊലീസിന് ലഭിച്ച ആദ്യ വിവരം. എന്നാൽ പിന്നീടാണ് സംഭവം മറ്റൊന്നാണെന്ന് പൊലീസ് മനസിലാക്കുന്നത്. കാമുകിയായ യുവതിയുടെ കൈകളിൽ ആസിഡ് വീണ് നേരിയ പരിക്കുണ്ടായിട്ടുണ്ട്. എന്നാൽ യുവാവിന്റെ മുഖത്തും, കഴുത്തിലും, നെഞ്ചത്തും ഗുരുതരമായിട്ടാണ് പൊള്ളലേറ്റിരിക്കുന്നത്.
എങ്ങനെയാണ് കാമുകൻ ആക്രമിക്കപ്പെട്ടതെന്ന് തുടക്കത്തിൽ പൊലീസിന് വ്യക്തതയില്ലായിരുന്നു. എന്നാൽ തന്നോട് ഹെൽമറ്റ് ഊരി മാറ്റാൻ കാമുകി ആവശ്യപ്പെട്ടുവെന്ന ഇയാളുടെ മൊഴിയാണ് പെൺകുട്ടിയിലേക്ക് സംശയം നീളാൻ ഇടയായത്. പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.