ജീവൻ രക്ഷിക്കുന്ന ഡോക്ടറെ ദൈവത്തിന്റെ പ്രതിരൂപമെന്ന് വിശേഷിപ്പിക്കുന്ന സമൂഹമറിയാൻ ഒരു ഡോക്ടർ ചികിത്സവേളയിൽ ഒരു അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് പ്രശസ്ത ഡോക്ടർ സുൽഫി നൂഹു. അത്യാഹിത വിഭാഗങ്ങളിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കുന്ന രോഗിയെ ജീവൻ തിരിച്ച് പിടിക്കുന്നതിനായി അങ്ങേയറ്റം പരിശ്രമിക്കുമ്പോൾ ഒരു ഡോക്ടർ അനുഭവിക്കുന്ന പ്രയാസങ്ങളും, ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ പോലും മടിക്കാത്ത ആൾക്കൂട്ടത്തെ കുറിച്ചും അദ്ദേഹം കുറിക്കുന്നു. രോഗിയുടെ ബന്ധുക്കളിൽ നിന്നും ഡോക്ടർക്ക് മർദ്ദനമേൽക്കേണ്ടി വരുന്ന സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കുമ്പോഴാണ് ഡോക്ടർമാർ നേരിടുന്ന വെല്ലുവിളികൾ തുറന്ന് കാട്ടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹലോ ,മെൻസ് ഹോസ്റ്റൽ അല്ലേ ?
===========================
'മൊബൈലിൽ വിളിച്ചിട്ട് ആരെയും കിട്ടുന്നില്ല ഏതെങ്കിലും റൂമിൽ ചെന്നു പറയാമോ ഒരു രോഗിയെ വെന്റിലേറ്ററിൽ ആക്കി എന്ന്. '
'ഒക്കെ സാബ് .പറയാം താഴത്തെ രണ്ടുമൂന്ന് റൂമിൽ ആൾ ഉണ്ടെന്നു തോന്നുന്നു'
ഇത് ഉത്തരേന്ത്യയിലെ ഒരു മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്നും മെൻസ് ഹോസ്റ്റലിലെക്കു ചെന്ന ഒരു ഫോൺ കോൾ .
കാര്യമെന്തെന്ന് അറിയണ്ടേ ?
അത്യാഹിത വിഭാഗത്തിൽ അതീവഗുരുതരാവസ്ഥയിൽ എപ്പോൾ വേണമെങ്കിലും മരിച്ചു പോകാമെന്ന രൂപത്തിൽ ഒരു രോഗി എത്തിയിരിക്കുന്നു.
പുരുഷ ഡോക്ടർമാർ വനിതാ ഡോക്ടർമാരെ റെസിഡൻസിനെ ഡ്യൂട്ടി റൂമിന്റെ പുറത്തുനിന്നും വാതിൽ പൂട്ടുന്നു.
എന്നിട്ടാണ് ഹോസ്റ്റലിലേക്ക് ഫോൺ വിളി.
ഫോൺ വിളിക്കുന്നത് ഡ്യൂട്ടി സഹായത്തിന് കൂടുതൽ ഡോക്ടർ മാരെ കിട്ടാനുള്ള വിളിയല്ല.
ഡോക്ടർമാരുടെ ജീവൻ രക്ഷിക്കുവാൻ ഹോസ്റ്റലിൽ നിന്നും ഒരു പറ്റം ആൺകുട്ടികൾ അത്യാഹിത വിഭാഗത്തിൽ എത്തണം എന്നുള്ള അഭ്യർത്ഥനയാണ് ഈ ഫോൺ കോൾ.
ഇതിൽ തീരെ അതിശയോക്തി ഇല്ല.
ഭാരതം എങ്ങോട്ടാണ് പോകുന്നത് എന്ന് ഓർത്തു നോക്കൂ .
ഇനി ഇനി ഇങ്ങനെ തുടരാൻ നമുക്കാകുമോ.
ജീവൻ രക്ഷിച്ചാൽ മാത്രം പോരാ സ്വന്തം ജീവനും രക്ഷിക്കാൻ കോപ്പു കൂട്ടണം അത്യാഹിത വിഭാഗത്തിൽ അത്യാസന്നനിലയിൽ രോഗി എത്തിയാൽ ആദ്യം പെൺകുട്ടികളെ മുറിയിലിട്ടു പൂട്ടിയിട്ടു മെൻസ് ഹോസ്റ്റലിൽ ഫോൺ ചെയ്ത് ജീവൻ രക്ഷിക്കാൻ നിങ്ങൾ ഒന്ന് അത്യാഹിത വിഭാഗത്തിലേക്ക് വരണമെന്ന് അഭ്യർത്ഥിക്കുന്ന ഒരു യുവ ഡോക്ടറുടെ മനസ്ഥിതി എന്തായിരിക്കും .
ഇത് മാറണം മാറിയേ തീരൂ.
ഞങ്ങൾ പിന്മാറില്ല .
ഇത് ഡ്യൂട്ടിയുടെ ഭാഗമാണ് എന്നു പറയുന്നവരോട് .
ഇത് ഞങ്ങളുടെ തൊഴിലിന്റെ ഭാഗമല്ല. പോലീസുകാരെ പോലെ ലാത്തിയും തോക്കും കൊണ്ടല്ല ഞങ്ങൾ ആശുപത്രിയിലേക്ക് പോകുന്നത്.
ഞങ്ങൾ പോകുന്നത് കഴുത്തിൽ സ്റ്റത്തെസ്‌കോപ്പും കനിവുള്ള ഹൃദയവും ആയിട്ടാണ് .
അവിടെ ചെല്ലുമ്പോൾ ചികിത്സയുടെ ഭാഗമായ എല്ലാവിധ റിസ്‌കുകളും ഞങ്ങൾ എല്ലാദിവസവും എടുക്കുന്നുണ്ട്.
അതിലൂടെ ഞങ്ങൾക്ക് മരണം തന്നെ കിട്ടിയേക്കാം .
ചിലപ്പോൾ നിപ്പയുടെ രൂപത്തിൽ .
ചിലപ്പോൾ എയ്ഡ്സിന്റെ രൂപത്തിൽ.
ചിലപ്പോൾ ഹെപ്പറ്റൈറ്റിസ് ബിയുടെ രൂപത്തിൽ
ചിലപ്പോൾ ഡെങ്കിപ്പനിയുടെ രൂപത്തിൽ
ഈ നിമിഷവും ഇതിൽ ഏതെങ്കിലും ഒക്കെ കിട്ടിയ ഡോക്ടർമാർ നിരവധിയുണ്ടാകം
എല്ലാ ദിവസവും .എല്ലാ ആശുപത്രികളിലും.
അങ്ങനെ മരണംവരിച്ചവരും ഉണ്ട് . എന്റെ അടുത്ത കൂട്ടുകാർ ഉൾപ്പെടെ
പോലീസിനും മാധ്യമപ്രവർത്തകർക്കും പിന്നെ ഡോക്ടർമാർക്കും രണ്ടടി കിട്ടിക്കോട്ടെ എന്ന് കരുതുന്നവരോട്.
ഞങ്ങൾ നിങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിൽ നിന്നും വന്നവർ .നിങ്ങളുടെ സഹോദരന്മാർ നിങ്ങളുടെ സഹോദരിമാർ.
ഞങ്ങളെ തല്ലിയാൽ നിങ്ങളുടെ ജീവൻ തിരിച്ചു കിട്ടും എന്ന് ധരിക്കുന്നത് മൗഢ്യമാണ്
മമത ദീദി യോട് ഒരു വാക്ക് .
നിങ്ങൾ ചെയ്തത് ഭാരതത്തിലെ മൂന്നുലക്ഷം ഡോക്ടർമാരെ, അൻപതിനായിരം മെഡിക്കൽ വിദ്യാർഥികളെ സമരത്തിലേക്ക് തള്ളി വിട്ടു എന്നുള്ളതാണ്.
കേന്ദ്ര സർക്കാരിനോട്
കേന്ദ്രനിയമം വേണം ,ശക്തമായ കേന്ദ്രനിയമം ഡോക്ടർമാരെയും രോഗികളെയും ആശുപത്രി ജീവനക്കാരെയും സംരക്ഷിക്കുവാനുള്ള ശക്തമായ കേന്ദ്രനിയമം.
അതുവരെ ഞങ്ങൾ ഈ യുദ്ധം തുടരും .
ഫോൺ കാളുകളും.
ഡോ സുൽഫി നൂഹു.