bar-dancer

ഹൈദരാബാദ്: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച ബാർ നൃത്തകിയെ വിവസ്ത്രയാക്കിയ ശേഷം ക്രൂരമായി മർദിച്ചു. ഇവരുടെ കൂടെ തന്നെ ജോലി ചെയ്യുന്ന മറ്റ് നൃത്തകികളും ഒരു പുരുഷനും ചേർന്നാണ് നൃത്തകിയെ മർദിച്ചത്. സംഭവത്തിൽ പഞ്ചഗുട്ട പൊലീസ് നാല് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. എന്നാൽ ഇവരോടൊപ്പം യുവതിയെ മർദിച്ച പുരുഷൻ, സംഭവം പുറത്തറിഞ്ഞത് മുതൽ ഒളിവിലാണ്.

യുവതി ജോലി ചെയുന്ന ഹൈദരാബാദിലെ ബെഗുംപെട്ടിലെ ഡാൻസ് ബാറിന്റെ ഉടമകൾ ഏറെ നാളുകളായി ഇവരെ ഉപദ്രവിക്കുകയും ബാറിലെത്തുന്ന പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ യുവതി ഒരു തരത്തിലും വഴങ്ങാൻ കൂട്ടാക്കാതിരുന്നപ്പോഴാണ് ഇവർ അക്രമത്തിലേക്ക് തിരിയുന്നത്. ഇക്കാര്യത്തിൽ യുവതിയുടെ പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബാറിലെത്തുന്ന കസ്റ്റമേഴ്സിന് ലൈംഗിക സഹായങ്ങൾ ചെയ്തുനൽകാൻ ഇവർ പലതവണ യുവതിയെ നിർബന്ധിച്ചിരുന്നു. സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചു, ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് അക്രമികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന്, തെലങ്കാന പൊലീസ് മേധാവി മഹേന്ദർ റെഡ്ഢി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.