ന്യൂഡൽഹി: പ്രതിപക്ഷം അംഗ സംഖ്യയെകുറിച്ച് ചിന്തിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായി സഭാ പ്രവർത്തനങ്ങളിൽ ഇടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ പങ്കിനെ സർക്കാർ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിനൊപ്പം തുടങ്ങുകയാണ്. ജനാധിപത്യത്തിൽ ക്രിയാത്മക പ്രതിപക്ഷത്തിന്റെ സ്ഥാനം പ്രധാനമാണെന്നും നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വനിതകൾ പാർലമെന്റ് അംഗങ്ങളാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ എം.പിമാർക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദശകങ്ങൾക്ക് ശേഷമാണ് ഒരു സർക്കാർ കൃത്യമായ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങൾ ഒരിക്കൽകൂടി തങ്ങൾക്ക് നൽകി. ജനങ്ങൾക്ക് ഗുണകരമാകുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.
രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ സഭാ സമ്മേളനമാണ് തിങ്കളാഴ്ച തുടങ്ങുന്നത്. ലോക്സഭ തയാറാക്കിയ താൽക്കാലിക അജണ്ട അനുസരിച്ച് ആദ്യത്തെ മൂന്നു ദിവസങ്ങളിലായി എം.പിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക.