auto

ഇരുചക്ര വാഹനം ഓടിക്കുമ്പോൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഹെൽമറ്റുകൾ ധരിക്കേണ്ടത് നിയമ പ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ പലപ്പോഴും പൊലീസ് ചെക്കിംഗിൽ നിന്ന് രക്ഷതേടാൻ മാത്രമാണ് നമ്മളിൽ പലരും ഹെൽമറ്റ് ധരിക്കാറെന്നതാണ് സത്യം. അല്ലെങ്കിൽ പൊലീസ് ചെക്കിംഗിൽ നിന്ന് രക്ഷപ്പെടാൻ ഫുട്പാത്തിൽ നിന്നും ലഭിക്കുന്ന വിലകുറഞ്ഞ ഹെൽമറ്റുകൾ വാങ്ങി ഉപയോഗിക്കും. എന്നാൽ പൊലീസുകാർ തന്നെ ഹെൽമറ്റ് വയ്‌ക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചാൽ എന്തായിരിക്കും സ്ഥിതി. ഇത്തരത്തിൽ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഒരു എസ്.ഐയെ കഴിഞ്ഞ ദിവസം ചെന്നൈയിൽ അസിസ്‌റ്റന്റ് കമ്മിഷണർ നടുറോഡിൽ തടഞ്ഞ് നിറുത്തി ശിക്ഷിച്ചിരുന്നു. എന്നാൽ ഹെൽമറ്റ് ധരിക്കാതെ റോഡിലിറങ്ങിയ 305 പൊലീസുകാരെ ഒറ്റ ദിവസം കൊണ്ട് കുടുക്കിയാണ് ലഖ്‌നൗവിലെ പൊലീസ് സംഘം ദേശീയ ശ്രദ്ധനേടുന്നത്.

ട്രാഫിക് സുരക്ഷാ വാരത്തിന്റെ ഭാഗമായി നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ കുടുങ്ങിയത്. കോൺസ്‌റ്റബിൾ, എസ്.ഐ റാങ്കിലുള്ളവരാണ് കുടുങ്ങിയവരിൽ ഏറെയും. രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ ഏതാണ്ട് 3117പേർ വിവിധ ട്രാഫിക് ലംഘനങ്ങളുടെ പേരിൽ കുടുങ്ങി. പൊലീസുകാർ എപ്പോഴും സമൂഹത്തിന് മാതൃകയാവേണ്ടവരാണെന്നും പൊലീസുകാർ തന്നെ ഇത്തരം തെറ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ലക്‌നൗ എസ്.എസ്.പി കലാനിഥി നൈത്താനി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവി ഒ.പി.സിംഗിന്റെ നിർദ്ദേശാനുസരണം ആരംഭിച്ച പരിശോധന ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരെയാണ് പൊലീസ് ആദ്യം ലക്ഷ്യം വയ്‌ക്കുന്നത്. പിന്നീട് സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും മറ്റ് ട്രാഫിക് ലംഘനങ്ങൾ നടത്തുന്നവരെയും പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.