കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യ പ്രതിയും ആസൂത്രകനുമായ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിനു(ഡി.ആർ.ഐ) മുൻപാകെയാണ് വിഷ്ണു സോമസുന്ദരം കീഴടങ്ങിയത്. വിഷ്ണു ഈ മാസം 17നകം കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജരുമായി പ്രവർത്തിച്ചയാൾ കൂടിയാണ് വിഷ്ണു. വിഷ്ണുവിന്റെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തും. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികൾ വിഷ്ണുവിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. വിഷ്ണുവിന്റെയും സുഹൃത്ത് ജിത്തുവിന്റെയും നേതൃത്വത്തിൽ ഗൾഫിൽ നിന്ന് കോടികളുടെ സ്വർണ്ണം കേരളത്തിലേക്ക് കടത്തിയതായി ഡി.ആർ.ഐ കണ്ടെത്തിയിരുന്നു.
കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനുമായി ബന്ധപ്പെട്ടതും വിഷ്‌ണുവായിരുന്നു. വിഷ്‌ണുവിന്റെ സുഹൃത്ത് പ്രകാശൻ തമ്പിയും സ്വർണക്കടത്ത് പ്രതിയാണ്. ദുബായിൽ നിന്ന് 25കിലോഗ്രാം സ്വർണം കൊണ്ടുവന്ന സെറീനയും വിഷ്‌ണുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നൽകിയിരുന്നു. സ്വർണം കടത്തുന്നവർക്കുള്ള പ്രതിഫലം, ടിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ വിഷ്ണുവാണ് നോക്കിയിരുന്നത്. സൂപ്രണ്ടിന്റെ ഫോണിൽ വിഷ്‌ണുവിന്റെ നിരവധി വിളികൾ എത്തിയതായും ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്.