theater-

കോട്ടയം: അഭിലാഷ് തിയേറ്ററിൽ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്കിടെ സംഘർഷം. ഏറ്റുമാനൂരിൽ നിന്നുള്ള ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് തിയേറ്റർ ജീവനക്കാർക്ക് പരിക്കേറ്റു. തിയേറ്റർ ജീവനക്കാരായ ഒരു ഹിന്ദിക്കാരനും രണ്ട് മലയാളികൾക്കുമാണ് പരിക്കേറ്റത്. ഏഴംഗ അക്രമി സംഘത്തിലെ മൂന്നു പേരെ വെസ്റ്റ് പൊലീസ് പിടികൂടി.


ഇന്നലെ രാത്രി എട്ടരയോടെ മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയുടെ സെക്കൻഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. തിയേറ്ററിന്റെ മുന്നിലെ സെക്കൻഡ് ക്ലാസിലേയ്ക്ക് ടിക്കറ്റെടുത്ത ഏഴംഗ സംഘം ടിക്കറ്റ് റിസർവേഷൻ സീറ്റിൽ ഇരുപ്പുറപ്പിച്ചു. സീറ്റ് ബുക്ക് ചെയ്തിരുന്ന ആളുകൾ എത്തിയതോടെ ജീവനക്കാർ യുവാക്കളോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനു തയ്യാറാകാതിരുന്ന ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഷോ തടസപ്പെടുത്താതിരിക്കാൻ സഹകരിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതോടെ അക്രമി സംഘം ഭീഷണി മുഴക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തിൽ രണ്ടു ജീവനക്കാരുടെ മൂക്കിനും മുഖത്തും സാരമായി പരിക്കേറ്റു. മറ്റൊരു ജീവനക്കാരന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ സാരമായി പരിക്കേറ്റ മൂന്നു പേരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തിയേറ്റർ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ വെസ്റ്റ് പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു