high-court

കൊച്ചി: വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌ക്കരണം ലക്ഷ്യമിട്ടും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടും സംസ്ഥാന സർക്കാർ നടപ്പിലാക്കാനിരുന്ന ഡോ.എം.എ.ഖാദർ അദ്ധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സംസ്ഥാന രൂപീകരണത്തിന് ശേഷം വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായി മാറ്റം വരുത്താനുള്ള തീരുമാനത്തിനെതിരെ അദ്ധ്യാപകരും ഹെഡ്മാസ്റ്റർമാരും നൽകിയ ഹർജിയിലാണ് നടപടി. ശുപാർശ നടപ്പിലാക്കരുതെന്നും തുടർ നടപടികൾ രണ്ട് മാസത്തേക്ക് നിറുത്തി വയ്‌ക്കണമെന്നുമാണ് കോടതിയുടെ ഉത്തരവ്.

സ്കൂൾ മേലധികാരികൾക്കിടയിൽ അധികാരത്തർക്കവും പരീക്ഷകളുടെ നടത്തിപ്പിൽ പൊരുത്തക്കേടുമായി പലതട്ടുകളിൽ പ്രവർത്തിക്കുന്ന സ്കൂൾ,ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളെ സംയോജിപ്പിക്കാനുള്ള റിപ്പോർട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും അദ്ധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ നടപടികളുമായി മുന്നോട്ട് പോയ സർക്കാർ ഒന്ന് മുതൽ 12ആം ക്ലാസ് വരെ ഒരുകുടക്കീഴിൽ ആക്കുകയും ഡയറക്‌ടർ ഒഫ് ജനറൽ എജ്യൂക്കേഷൻ രൂപീകരിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ തലവനായി ജീവൻ ബാബുവിനെ നിയമിക്കുകയും ചെയ്‌തു. എന്നാൽ മതിയായ ചർച്ച നടത്താതെയും പ്രതിപക്ഷവുമായി കൂടിയാലോചിക്കാതെയുമാണ് സർക്കാരിന്റെ നീക്കമെന്നും കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണിതെന്നും ആരോപിച്ച് ഒരുകൂട്ടം അദ്ധ്യാപകരും ഹെഡ്‌ മാസ്റ്റർമാരും കോടതിയെ സമീപിക്കുകയായിരുന്നു.

ഖാദർ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ

 സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാർക്ക് പകരം പ്രിൻസിപ്പൽമാർ.

 ഡി.ഇ.ഒ,എ.ഇ.ഒ ഓഫീസുകൾക്ക് സ്ഥാനമില്ല

സബ്‌ജില്ലാ ഓഫീസർക്ക് പകരം ബ്ലോക്ക് ഓഫീസ‌ർ, പഞ്ചായത്ത് തലത്തിലും ഓഫീസർ

ജില്ലാതലത്തിൽ ഒരു ഡെപ്യൂട്ടി ഡയറക്ടറും മൂന്ന് അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർമാരും

 സ്കൂൾ,ഹയർസെക്കൻഡറി, സ്പെഷ്യൽ,പരീക്ഷ ചുമതലയുമായി അഡിഷണൽ ഡയറക്ടർമാർ.

 ഓരോന്നിനും രണ്ട് ജോയിന്റ് ഡയറക്ടർമാർ. എല്ലാ പരീക്ഷയും ഒന്നിച്ച്

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഏകീകരിച്ച് രാവിലെ നടത്താൻ ശുപാർശ.

 പരീക്ഷണാടിസ്ഥാനത്തിൽ പാദവാർഷികപരീക്ഷ

 വിജയിച്ചാൽ വാർഷിക പരീക്ഷയ്ക്കും പുതിയ രീതി.