actress-sheela

മലയാളത്തിന്റെ എക്കാലത്തെയും ഭാഗ്യതാരമാണ് ഷീല. മലയാളത്തിന്റെ അന്നത്തേയും ഇന്നത്തെയും മുൻനിര നടന്മാരുമായി ഷീല തിരശീല പങ്കിട്ടിട്ടുണ്ട്. എന്നും തന്റെ അടിസ്ഥാന അവകാശങ്ങൾക്കായി ശബ്ദമുയർത്തിയിട്ടുള്ളയാൾ കൂടിയാണ് ഈ മഹാനടി. തന്റെ ശരീരം ക്യാമറയിൽ കാണിക്കാൻ അവസരം നോക്കിയ ക്യാമറാമാനെ ശകാരിച്ചത് മുതൽ പ്രതിഫലം കൂടുതൽ ചോദിക്കാൻ ധൈര്യം കാട്ടിയത് വരെയുള്ള കാര്യങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കാൻ അവർ മടി കാണിച്ചിട്ടില്ല.

അത്തരമൊരു അനുഭവം കേരള കൗമുദി ഓൺലൈനിനോട് വെളിപ്പെടുത്തുകയാണ് ഷീല. മുൻപ് തനിക്ക് ഏറെ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ഉണ്ടായിരുന്നുവെന്നും വളരെ വേണ്ടപ്പെട്ടവർ വേഷങ്ങളുമായി തന്നെ സമീപിക്കുമ്പോൾ അവരെ ഒഴിവാക്കാനുള്ള ഒരു ഉപായമായി നായകനേക്കാൾ കൂടുതൽ പ്രതിഫലം ചോദിക്കാൻ താൻ തീരുമാനിച്ച കഥ ഷീല പറയുന്നു.

മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേം നസീറിനേക്കാൾ പ്രതിഫലം താൻ ആവശ്യപ്പെട്ടതിനുളള കാരണമാണ് ഷീല വെളിപ്പെടുത്തിയത്. തനിക്ക് അന്ന് കാര്യമായി താരമൂല്യം ഉണ്ടായിരുന്നത് കൊണ്ടാണ് പ്രതിഫലം കൂടുതൽ നൽകാൻ ആവശ്യപ്പെട്ടതെന്നും ഇന്നാണെങ്കിൽ അങ്ങനെ താൻ ചോദിക്കുമായിരുന്നില്ല എന്നുമാണ് ഷീല പറഞ്ഞത്.

'ഹീറോയെക്കാൾ കൂടുതൽ പ്രതിഫലം തരാൻ തയാറാണെങ്കിൽ ഞാൻ അഭിനയിക്കും എന്ന് പറഞ്ഞു. അതിനവർ തയാറായി. ഞാൻ അത്ഭുതപെട്ടുപ്പോയി. ഞാൻ പറഞ്ഞത് തെറ്റായിപ്പോയോ എന്നൊക്കെ ഞാൻ ആലോചിച്ചു. വേറെന്തെകിലും ആണോ ഞാൻ പറഞ്ഞത് എന്നൊക്കെ ചിന്തിച്ചു. നായകനെക്കാൾ രണ്ടിരട്ടി എനിക്ക് വേണമെന്ന് പറഞ്ഞിരുന്നെകിൽ അവർ വിടുമായിരുന്നു എന്ന് തോന്നി.' ഷീല പറയുന്നു.

അങ്ങനെ രക്ഷപെടാൻ വേണ്ടി താൻ പ്രതിഫലം കൂടുതൽ ആവശ്യപ്പെട്ടുവെന്നല്ലാതെ സ്ത്രീ പുരുഷ വിവേചനത്തെ കുറിച്ചൊന്നും താൻ ചിന്തിച്ചിട്ടില്ല എന്നും നടി വെളിപ്പെടുത്തി. ഇതു പോലെ, പ്രസിദ്ധമായ 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ചിത്രത്തിൽ പേരുകൾ എഴുതികാണിക്കുന്നതിനെ കുറിച്ച് തർക്കമുണ്ടായെന്നും ഷീല വെളിപ്പെടുത്തി. താനാണല്ലോ പടത്തിലെ പ്രധാനകഥാപാത്രമെന്നും പിന്നെ എന്തുകൊണ്ടാണ് തന്റെ പേര് തുടക്കത്തിൽ എഴുതി കാണിക്കാത്തതെന്നും ഷീല ചിത്രത്തിന്റെ നിർമ്മാതാവിനോട് ചോദിച്ചു.

ഷീലയുടെ ഈ ചോദ്യത്തെ തുടർന്നാണ് 'നിങ്ങളുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കുന്ന ചിത്രം' എന്ന് മാത്രം എഴുതിക്കാണിക്കുന്ന ശീലം മലയാള സിനിമ ആരംഭിച്ചതെന്നും അതിന് താനായിരുന്നു കാരണമെന്നും നടി പറഞ്ഞു. ഇത് കണക്കിലെടുക്കുമ്പോൾ സ്ത്രീപക്ഷ ചിന്തയെക്കുറിച്ചും, പ്രതിഫലത്തിലുള്ള സ്ത്രീ, പുരുഷ അസമത്വത്തെ കുറിച്ച് താൻ അന്നേ ബോധവതി ആയിരുന്നുവെന്നും ഷീല പറഞ്ഞു.

ഷീലയുമായി കേരള കൗമുദി ഓൺലൈൻ നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം കാണാം: