1. പി.കെ ശശി എം.എല്‍.എയ്ക്ക് എതിരെ പരാതി നല്‍കിയ യുവതിയുടെ വാദങ്ങള്‍ തള്ളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ജില്ലാ ഘടത്തില്‍ നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് ചില പ്രശ്നങ്ങള്‍ കാരണം. പെണ്‍കുട്ടിയുടെ പരാതി തെറ്റിദ്ധാരണ മൂലം. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി ഘടകത്തെ അറിയിക്കണം. ഫേസ്ബുക്കിലൂടെ പരാതി പറയുന്നത് ശരിയായ നടപടി അല്ല. എം.എല്‍.എക്ക് എതിരായ പരാതിയില്‍ പാര്‍ട്ടി ഒപ്പം നിന്നില്ല എന്ന ആരോപണം ശരിയല്ല. പ്രതികരണം, ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് രാജിക്കത്ത് നല്‍കിയതിന് പിന്നാലെ.
2. യുവതിയെ പിന്തുണച്ചവരെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജിക്കത്ത് നല്‍കിയത്. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഭാരവാഹികളെ മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്ത സി.പി.എമ്മിന്റെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. നവംബര്‍ 26 ന് ആയിരുന്നു ഷൊര്‍ണൂര്‍ എം.എല്‍.എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയ പി.കെ ശശിയെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആയിരുന്നു സസ്‌പെന്‍ഷന്‍.
3. പതിനേഴാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ജനങ്ങള്‍ നല്‍കിയ അവസരം ക്രിയാത്മകമായി ഉപയോഗിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത് വലിയ ഭൂരിരക്ഷത്തോടെ. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റും എന്നും പ്രധാനമന്ത്രി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്റെ സ്വരം പ്രധാനമാണെന്നും പ്രതികരണം.
4. അതേസമയം, മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കറായത്. വ്യാഴാഴ്ചയാണ് രാഷ്ട്രപതി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് ജൂലായ് അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മുത്തലാഖ് ബില്‍, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക സംവരണ ബില്‍, ആധാര്‍ അടക്കമുള്ള ഭേദഗതി ബില്‍ എന്നിവയും ഈ സമ്മേളനത്തില്‍ പാര്‍ലമന്റില്‍ എത്തുന്നുണ്ട്.
5. പതിനേഴാമത് ലോക്സഭയുടെ സ്പീക്കാറായി ആരെയാണ് ബി.ജെ.പി നിയോഗിക്കുക എന്ന വലിയ ആകാംഷ നിറഞ്ഞ് നില്‍ക്കുമ്പോള്‍ മനേക ഗാന്ധി അടക്കമുള്ള പലരുടെയും പേരുകള്‍ ആ സ്ഥാനത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അതേസമയം പാര്‍ലമെന്റ് ഇന്ന് ആരംഭിക്കുമ്പോഴും ലോകസഭാ കക്ഷി നേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
6. വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ ചുട്ടുകൊന്ന കേസില്‍ പ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ജീവനൊടുക്കുക ആയിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ്. ശനിയാഴ്ച ആണ് വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പാകരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊപ്പെടുത്തിയത്.
7. ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. വിവാഹ അഭ്യര്‍ത്ഥന സൗമ്യ നിരസിച്ചിരുന്നു. ഇതാണ് തന്നെ പ്രകോപിപ്പിച്ചത് എന്നും അജാസിന്റെ മൊഴി. നേരത്തെ അജാസിന് എതിരെ സൗമ്യയുടെ അമ്മയും മകനും പൊലീസിന് മൊഴി നല്‍കിയിരുന്നു
8. കൊച്ചി പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നു. രാവിലെ എട്ട് മണിയോടെ ആണ് പരിശോധന ആരംഭിച്ചത്. പാലത്തിന്റെ അടിഭാഗത്താണ് സംഘം ആദ്യം പരിശോധന നടത്തുന്നത്. പാലത്തില്‍ ബലക്ഷയം കണ്ടെത്തിതിനെ തുടര്‍ന്നാണ് സംഘം പരിശോധന നടത്തുന്നത്. ഡി.എം.ആര്‍.സിയില്‍ സഹ പ്രവര്‍ത്തകനായിരുന്ന കാണ്‍പൂര്‍ ഐ.ഐ.ടി.യില്‍ നിന്നുള്ള ഡോ. മഹേഷ് ടണ്ടനെ പാലം പരിശോധനയ്ക്കായി ഇ ശ്രീധരന്‍ വിളിച്ചു വരുത്തിയിട്ടുണ്ട്.
9. ശ്രീധരനും സംഘവും നല്‍കുന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പാലം പൊളിച്ച് നീക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മെട്രോമാന്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശ്രീധരന്‍ പാലം ഒരു കോണ്‍ക്രീറ്റ് സ്‌പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
10. ഈ സാഹചര്യത്തില്‍ ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെ പാലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പാലത്തില്‍ വിദഗ്ദ്ധ പരിശോധന നടത്തുന്നത്. പാലത്തിന്റ കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ടാകും സര്‍ക്കാരിന് നല്‍കുക. അതേസമയം പാലത്തിന്റെ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചു.
11. മഴ രസം കൊല്ലിയായെത്തിയ ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴ എത്തുക ആയിരുന്നു. പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
12. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നത് ആയിരുന്നു സമാന്റെ ഇന്നിംഗ്സ്. രണ്ടാം വിക്കറ്റില്‍ അസമുമായി ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാനും സമനായി. പാക് ഇന്നിംഗ്സിലെ മികച്ച കൂട്ടുക്കെട്ടും ഇത് തന്നെ. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റെടുത്തു. ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ലോകകപ്പില്‍ പാകിസ്ഥാന് എതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്