പാലക്കാട് : പി.കെ.ശശി എം.എൽ.എക്കെതിര സി.പി.എം ദേശീയ സംസ്ഥാന നേതൃത്വത്തിന് പീഡന പരാതി നൽകിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് കഴിഞ്ഞ ദിവസം സംഘടനാ ചുമതലകളിൽ നിന്നും രാജിവച്ചൊഴിഞ്ഞിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളിൽ നിന്നാണ് ഒഴിവായത്. എം.എൽ.എയ്‌ക്കെതിരെ പരാതി നൽകിയ ശേഷം തനിക്കൊപ്പം നിലകൊണ്ട നേതാക്കളെ തരം താഴ്ത്തുന്നതടക്കമുള്ള നടപടികൾ ആവർത്തിക്കുന്നതാണ് രാജി വയ്ക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേ സമയം പരാതി നൽകിയതുമുതൽ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് യുവതി രാജി നൽകിയിരിക്കുന്നത്.
രാജി നൽകിയശേഷം ഓൺലൈൻ മാദ്ധ്യമമായ ക്യുവിന് നൽകിയ അഭിമുഖത്തിൽ പാലക്കാട്ടെ ഡി.വൈ.എഫ്.ഐ സമ്പൂർണമായും പി.കെ.ശശിയുടെ നിയന്ത്രണത്തിലാണെന്ന് യുവതി ആരോപിക്കുന്നു. കേവലം ഒരു പ്രതിമയായി നിൽക്കുവാൻ കഴിയാത്തതിനാലാണ് താൻ രാജി സമർപ്പിച്ചത്. ആരോപണ വിധേയനെ സംരക്ഷിക്കുകയും പരാതിക്കാരിയെ തഴയുകയും ചെയ്യുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. തനിക്കൊപ്പം പിന്തുണയുമായി നിന്നവരെ ബഹിഷ്‌കരിക്കുകയാണെന്നും പരസ്യമായി അപമാനിക്കുവാൻ പോലും മടിയില്ലാത്തവരാണ് പാർട്ടി നേതൃത്വത്തിലുള്ളതെന്നും യുവതി അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. സോഷ്യൽ മീഡിയയിലടക്കം പി.കെ.ശശിയെ അനുകൂലിച്ച ബ്ലോക്ക് സെക്രട്ടറി റിയാസുദ്ദീനെ ജില്ലാ വൈസ് പ്രസിഡന്റായി പ്രമോഷൻ കൊടുത്തതും യുവതി ചൂണ്ടിക്കാണിക്കുന്നു.
തനിക്കൊപ്പം നിലനിന്നവർ ഇനി ബുദ്ധിമുട്ടരുതെന്നും, അവർക്ക് വേണ്ടി ഇതല്ലാതെ വേറെയൊന്നും ചെയ്യാനില്ല. ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ഇതാണെന്നും പരാതിക്കാരിയായ പെൺകുട്ടി തുറന്ന് പറയുന്നു. അതേ സമയം പാലക്കാട് മണ്ഡലത്തിലെ എം.ബി. രാജേഷിന്റെ തോൽവിക്ക് പിന്നിൽ പി.കെ.ശശിയാണെന്ന ആരോപണത്തെക്കുറിച്ച് പാർട്ടിയാണ് അന്വേഷണം നടത്തേണ്ടത് എന്ന നിലപാടാണ് തനിക്കുള്ളതെന്നും ശശിയുടെ സ്വാധീന മേഖലയിൽ എം.ബി.രാജേഷ് പിന്നോട്ട് പോയതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് പാർട്ടി നടപടി സ്വീകരിക്കട്ടേയെന്നും അവർ പറയുന്നു.