palarivattom-bridge

കൊച്ചി: ബലക്ഷയം കണ്ടെത്തിയ കൊച്ചി പാലാരിവട്ടം മേൽപ്പാലത്തിൽ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം പരിശോധന നടത്തി. രാവിലെ എട്ട് മണിയോടെ ആണ് പരിശോധന ആരംഭിച്ചത്. പാലത്തിന്റെ അടിഭാഗത്താണ് സംഘം ആദ്യം പരിശോധന നടത്തിയത്. ഡൽഹി മെട്രോറെയിൽ കോർപറേഷൻ(ഡി.എം.ആർ.സി.യി)​ സഹപ്രവർത്തകനായിരുന്ന കാൺപൂർ ഐ.ഐ.ടി.യിൽ നിന്നുള്ള വിദഗ്ധനെയടക്കം പരിശോധനയ്ക്കായി ഇ.ശ്രീധരൻ വിളിച്ചു വരുത്തിയിരുന്നു.

എന്നാൽ,​ പരിശോധനയെക്കുറിച്ച് ‘ഒന്നും പറയാനില്ല’ എന്നു പറഞ്ഞായിരുന്നു ഇ.ശ്രീധരന്റെ മടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമായിരുന്നു ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധന. അറ്റകുറ്റപ്പണികളിലൂടെ പാലം എത്രത്തോളം ശക്തിപ്പെടുത്താനാകുമെന്നു സംഘം പരിശോധിച്ചു. സാംപിളുകൾ പരിശോധിച്ച ശേഷമായിരിക്കും സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.

പാലത്തിൽ ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണികൾ ശാശ്വത പരിഹാരമാകില്ലെന്നും ഇളക്കം തട്ടിയ ഗർഡറുകൾ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ലെന്നും ശ്രീധരൻ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. പാലം നിർമാണത്തിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടി ചെന്നൈ ഐ.ഐ.ടി നേരത്തെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ശ്രീധരനും സംഘവും നൽകുന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ച് നീക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. അറ്റകുറ്റ പണികൾ പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മെട്രോമാൻ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തിയ ശ്രീധരൻ പാലം ഒരു കോൺക്രീറ്റ് സ്പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ പാലം പരിശോധിച്ച് റിപ്പോർട്ട് നൽകാനുമാണ് സർക്കാരും ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് ഇ.ശ്രീധരന്റെ നേതൃത്വത്തിൽ പാലത്തിൽ വിദഗ്ദ്ധ പരിശോധന നടത്തിയത്.