കഴിഞ്ഞദിവസം ഒരു ജിജ്ഞാസു സംശയ നിവൃത്തിക്കായി ഒരു ചോദ്യമുന്നയിച്ചു. സ്വാമിജി എന്തുകൊണ്ടാണ് ഗുരുവിന്റെ കൃതികൾ പഠിപ്പിക്കുന്ന ചിലയാളുകൾ, ഗുരുവിൽ ആഴമാർന്ന വിശ്വാസം കാത്തുസൂക്ഷിച്ച് പോരുന്നവരുടെ പ്രവൃത്തികളെക്കുറിച്ച് മോശമായി ചിത്രീകരിക്കുന്നത്, അതായത് പൂർണമായും മനമലർ കൊയ്ത് മഹേശപൂജ ചെയ്യാൻ സാധിക്കാത്തവർ വനമലർ കൊയ്ത് മഹേശ്വപൂജ ചെയ്യുന്നു. അത് പലർക്കും ദഹിക്കുന്നില്ല. അവിടെയും ദോഷൈക ദൃക്കുകൾ കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. എന്താണ് യഥാർത്ഥ പ്രശ്നം?
പ്രശ്നം വളരെ ലളിതമാണ്. സമഗ്രമായ കാഴ്ചപ്പാടിന്റെ കുറവു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണം ആത്മസാക്ഷാത്കാരത്തിന് ശേഷമാണ് ശ്രീനാരായണഗുരുദേവൻ വ്യാവഹാരിക ലോകത്ത് ജനങ്ങളെ ഉദ്ധരിക്കാൻ വേണ്ടി ഇറങ്ങുന്നത്. ബ്രഹ്മസത്യം ജഗത് മിഥ്യ എന്നതിനെ സാക്ഷാത്കരിക്കുക അഥവാ തിരിച്ചറിയുക. അതാണ് ആത്മസാക്ഷാത്കാരമെന്ന് ഒറ്റവാക്കിൽ പറയാം. ബ്രഹ്മം മാത്രം സത്യം ജഗത് ഇൗ കാണുന്ന രീതിയിൽ സത്യമല്ല എന്ന്. പക്ഷേ ഇങ്ങനെ പറഞ്ഞാൽ ആർക്കെങ്കിലും എന്തെങ്കിലും മനസിലാകുമോ? കാരണം ഇത് കേൾക്കുന്നവരും പഠിക്കുന്നവരും പല സംസ്കാരത്തിൽ വളർന്നവരും പല മാനസികാവസ്ഥ ഉള്ളവരും ആയതിനാൽ പല രീതിയിലായിരിക്കും മനസിലാക്കൽ നടക്കുക. എന്നാൽ യഥാർത്ഥ ഗുരു, അതായത് ഒാരോരുത്തരുടെയും മാനസികാവസ്ഥ മനസിലാക്കുന്ന മഹാത്മാവ്. അവരവർക്ക് മനസിലാകുന്ന രീതിയിൽ അവരെ കൈപിടിച്ചുയർത്തും. അതാണ് ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ലോകർക്ക് കാട്ടിക്കൊടുത്തത്. അത് ഗുരുവിന് വേണ്ടിയല്ലായിരുന്നു. മറിച്ച് മാടനെയും മറുതയേയും ചാത്തനേയും ആരാധിക്കുകയും കള്ളും മാംസവും മറ്റും നിവേദിക്കുകയും ചെയ്തിരുന്ന, ചെയ്തു കൊണ്ടിരിക്കുന്ന താമസികവും രാജസികവുമായ ആരാധനരീതികൾ മാത്രം അവലംബിക്കുന്ന സമൂഹത്തിലെ വ്യക്തികളെ ഉയർത്തിക്കൊണ്ടു വരണമെങ്കിൽ അവർക്ക് സാത്വികമായ ഒരു ബാഹ്യ പൂജാസംവിധാനം അത്യാവശ്യമാണ്. അല്ലാതെ ഇതൊന്നും ആവശ്യമില്ലെന്ന് പറയുകയല്ല. അങ്ങനെ സാത്വികമായ പൂജാവിധികളിലൂടെ അവനിൽ അന്തർലീനമായിരിക്കുന്ന ചീത്ത സ്വഭാവങ്ങളെയും വിചാരങ്ങളെയും ആചാരങ്ങളെയും തച്ചുടയ്ക്കുന്നതിനുള്ള അറിവ് സമ്പാദിക്കാൻ കഴിയുമെന്ന് ഗുരു കാട്ടിക്കൊടുത്തു. ഇൗ സാത്വികഭാവം ഉണർന്നു വരുമ്പോഴാണ് ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയുടെ മാഹാത്മ്യം തിരിച്ചറിയാൻ സാധിക്കുന്നത്. മനസിൽ അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങളെ തുടച്ച് മാറ്റിയാൽ മാത്രമേ നമ്മിൽ കുടികൊള്ളുന്ന ചൈതന്യത്തെ തിരിച്ചറിയാൻ സാധിക്കൂ എന്ന അറിവ് ഉണരുന്നത്.
നമ്മൾ ചുറ്റുപാടും കണ്ണോടിച്ചാൽ അറിയാൻ സാധിക്കും. പല പണ്ഡിതൻമാരും വേദാന്ത ശാസ്ത്രം ഉൾപ്പെടെ പാശ്ചാത്യ ചിന്തയിലും അതിന്റെ വിശകലനത്തിലും വ്യാകരണത്തിലും തർക്കശാസ്ത്രത്തിലും ഒക്കെ വിദഗ്ദരാണെന്ന് അഭിമാനിക്കുമ്പോഴും പ്രായോഗിക തലത്തിൽ അവരുടെ കോപത്തെയോ അഹങ്കാരത്തെയോ മറ്റൊരാളുടെ മാനസികാവസ്ഥയെയോ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് അവരുടെ മനസെന്ന്. ഇങ്ങനെയുള്ളവർ ജനങ്ങളെ നന്നാക്കാനും നയിക്കാനും ശ്രമിച്ചാൽ എങ്ങനെയിരിക്കും?
കാമക്രോധ ലോഭമോഹമദ മാത്സര്യങ്ങളെ തിരിച്ചറിഞ്ഞ് അവയെ അടക്കാത്ത ഒരുത്തന് ഒരിക്കലും അദ്വൈത സാക്ഷാത്കാരം ഉണ്ടാകില്ല. അധരവ്യായാമം മാത്രമായി മാറും അവരുടെ പാശ്ചാത്യ പൗരസ്ത്യ ചിന്തകൾ. മഹാഗുരുക്കൻമാരുടെ കൃതികളെ വ്യഖ്യാനിച്ച് ഉപജീവനത്തിന് പൈസ സമ്പാദിച്ച് പാമരൻമാരുടെ മുന്നിൽ പണ്ഡിതമന്യമാനൻമാരായി ജീവിക്കാം. ഒരു മനുഷ്യ ജന്മം കൂടി പാഴായിപോകും എന്നവർ അറിയുന്നില്ല. ഇങ്ങനെ തിരിച്ചറിവില്ലാത്ത വ്യക്തികളാണ് നിഷ്കളങ്കരായ വ്യക്തികൾ ക്ഷേത്രത്തിൽ വിശ്വാസത്തോടെ ചെയ്യുന്ന പല കാര്യങ്ങളെയും വിമർശിച്ച് തെറ്റിദ്ധരിപ്പിച്ച് മിടുക്കൻമാരാകുന്നത്. തീർച്ചയായും ഉയർന്നതലത്തിലേക്ക് ചിന്തിക്കാൻ പ്രാപ്തരാകാത്ത വ്യക്തികൾക്ക് ബാഹ്യമായ പൂജകളും ആചാരാനുഷ്ഠാനങ്ങളും ചെയ്തേ മതിയാകൂ. ഗീത ഉപദേശിക്കുന്നതുപോലെ.
'ന ബുദ്ധി ഭേദം ജനയേത് അജ്ഞാനാം കർമ്മസംഗീനാം."
അജ്ഞാനം കൊണ്ട് കർമ്മത്തിൽപ്പെട്ട് കിടക്കുന്നവരിൽ ബുദ്ധിഭേദം സൃഷ്ടിക്കാതിരിക്കേണ്ടത് അറിവുള്ളവരുടെ കടമയും കർത്തവ്യവുമാണ്. അവർ നിരന്തരം വനമലർ അതായത് പുഷ്പം മാത്രമല്ല എന്തൊക്കെയാണോ അവർക്ക് ഭഗവത് പാദങ്ങളിലർപ്പിക്കാൻ തോന്നുന്നത് അതെല്ലാം അവർ സസന്തോഷം അർപ്പിക്കട്ടെ. സാവധാനത്തിൽ അവരുടെ അഹങ്കാരമാകുന്ന മനമലരിനേയും അർപ്പിച്ച് അവരുടെ ജന്മം കൃതകൃത്യമാക്കാൻ സാധിക്കും എന്നാണ് മഹാഗുരുവിന്റെ വാണി. അങ്ങനെ പണ്ഡിതനായാലും പാമരനായാലും മനമലർ പൂർണമായും മഹാഗുരുവിന്റെ പാദപദ്മത്തിൽ സമർപ്പിക്കുമ്പോഴാണ് ആഴമേറുന്ന മഹസിൽ ആഴ്ന്ന മൗനഘനാഭൃതാബ്ദിയാണ് തന്റെ തിരുസ്വരൂപമെന്ന് സാക്ഷാത്കരിക്കുന്നത്.
പണ്ഡിത മന്യമാനർ അവരുടെ മനമലർ അർപ്പിക്കുന്നില്ല. അവരുടെ ഭാവം എല്ലാം ബുദ്ധികൊണ്ട് നേടാമെന്നാണ്. ബുദ്ധിക്ക് ഒരു പരിധിയുണ്ട്. ഹൃദയവും ബുദ്ധിയും ഒന്നിക്കണം. അല്ലെങ്കിൽ വരണ്ട വേദാന്തമായിപ്പോകും. നിത്യജീവിതത്തിൽ പ്രയോജനമില്ലാത്ത അറിവ് കൊണ്ടെന്ത് ഗുണം. ശ്രീനാരായണ ഗുരുദേവന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ആരുടെയും ദോഷങ്ങളെ കണ്ടുപിടിക്കാനല്ല, മറിച്ച് നമ്മളിലുള്ള ദോഷങ്ങളെ കണ്ടെത്തി ശുദ്ധമായ മനസോടുകൂടി സോദരത്വേന വാഴാനാണ്. എന്തെങ്കിലും കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിൽ പരസ്പരം അഹങ്കാരത്തോടുകൂടി കലഹിക്കാതെ അത് സൗമ്യമായി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷേ അല്പമായ അറിവ് അഹങ്കാരത്തെ വർദ്ധിപ്പിക്കുന്നതുകൊണ്ട് പരസ്പരം ഉൾക്കൊള്ളാനോ മനസിലാക്കാനോ സാധിക്കാതെ പോകുന്നു. ഇങ്ങനെ ഒരു തിരിച്ചറിയൽ നമുക്ക് വേണ്ടേ?