jumps-at-wagah-border

മാഞ്ചസ്റ്റർ: ലോകക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഗംഭീര വിജയമാണ് കൊഹ്‌ലിപ്പട സ്വന്തമാക്കിയത്. അതേസമയം,​ ഇന്ത്യയ്ക്ക് എതിരായ തോൽവിയെ തുടർന്ന് കടുത്ത വിമർശനമാണ് പാകിസ്ഥാൻ താരങ്ങൾക്കെതിരെ ഉയരുന്നത്. മുൻ താരങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളുമെല്ലാം പാകിസ്ഥാന്റെ പോരാട്ടവീര്യമില്ലായ്‌മക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ നായകൻ സർഫറാസിനെയും പേസർ ഹസൻ അലിയെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻതാരം ഷൊയിബ് അക്തർ.

വാഗാ അതിർത്തിയിൽ നൃത്തം ചെയ്യാൻ കാണിച്ച ആവേശം ഹസൻ അലിക്ക് എന്തുകൊണ്ടാണ് മൈതാനത്ത് പുറത്തെടുക്കാനാകാത്തതെന്ന് അക്തർ പരിഹസിച്ചു. ഹസൻ അലി 2018ൽ വാഗാ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തെ നോക്കി ഡാൻസ് കളിച്ചിരുന്നത് ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ പരാമർശം. ഇന്ത്യ-പാക് മത്സരശേഷം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ സംസാരിക്കുകയായിരുന്നു അക്തർ.

വാഗ അതിർത്തിയിൽ പോയി തുള്ളിച്ചാടാൻ ഹസൻ അലിക്ക് നാണക്കുറവുണ്ടിയിരുന്നില്ല. എന്നാൽ,​ ഏറ്റവും പ്രാധാന്യം അർഹിക്കുമ്പോൾ പോരാട്ടവീര്യം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പല ബോളുകളും ഷോട്ട് പിച്ച് പന്തുകളായിരുന്നെന്നും അക്തർ പറഞ്ഞു.

തലച്ചോറില്ലാത്ത ക്യാപ്റ്റൻസിയെന്ന വിമർശനമാണ് പാക് നായകൻ സർഫറാസിനെതിരെ അക്തർ നടത്തിയത്. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ വരുത്തിയ പിഴ ഇന്നലെ പാകിസ്ഥാൻ ആവർത്തിച്ചിരിക്കുന്നു. സർഫറാസിന് എങ്ങനെ ഇതുപോലെ ബുദ്ധിയില്ലാതെ പെരുമാറാൻ സാധിക്കുന്നു എന്നും മനസിലാകുന്നില്ല. നമുക്ക് നന്നായി ചെയ്‌സ് ചെയ്യാൻ സാധിക്കില്ല എന്ന് എന്തുകൊണ്ട് അദ്ദേഹം മറന്നു പോയി. സർഫറാസ് ടോസ് ജയിച്ചപ്പോൾ തന്നെ മത്സരം പാകിസ്ഥാൻ പാതി ജയിച്ചിരുന്നു. എന്നാൽ,​ അദ്ദേഹം അത് കളഞ്ഞുകുളിച്ചുവെന്നും അക്തർ പറഞ്ഞു.