സൗന്ദര്യം വാരിക്കോരി പ്രകൃതി അനുഗ്രഹിച്ചിരിക്കുന്ന സ്വർഗഭൂമിയാണ് ഇടുക്കി. കാടും മലയും പച്ചപ്പപ്പും അരുവികളും എന്നുവേണ്ട ഇടുക്കിയിൽ എന്താണ് ഇല്ലാത്തതെന്ന് മാത്രം ഓർത്തു നോക്കിയാൽ മതി. കണ്ണുകൾ എങ്ങോട്ടു ചെന്നാലും മനം നിറയുന്ന കാഴ്ചകൾ മാത്രമാണുള്ളത്. വെറുതെയല്ല ഇടുക്കി മിടുക്കിയാണെന്ന് ആളുകൾ സമ്മതിക്കുന്നത്. ഇടുക്കിയിലെ ഹൃദയം നിറയ്ക്കുന്ന കാഴ്ചകളിലൂടെ ഒന്ന് സഞ്ചരിച്ചു വരാം.
പാമ്പാടുംചോല ദേശീയോദ്യാനം
മൂന്നാറിൽ നിന്നും ടോപ്പ് സ്റ്റേഷൻ വഴി 30 കി.മീ സഞ്ചരിച്ചാൽ ഈ ദേശീയോദ്യാനത്തിലെത്താം. യൂക്കാലി മരങ്ങൾ തണലേകുന്ന ഇലകൾ മെത്തവിരിക്കുന്ന സഞ്ചാരവഴികൾ കണ്ണിനും മനസിനും കുളിർമയേകുന്നു. അതുപോലെ, കാട്ടുപോത്ത്, ആന, മ്ലാവ് തുടങ്ങി വന്യജീവികളെ നേരിൽ കാണാനും കഴിയും. സഞ്ചാരികൾക്കായി വനത്തിനുള്ളിൽ താമസിക്കുന്നതിനും ട്രക്കിംഗ് നടത്തുന്നതിനുമുള്ള സൗകര്യങ്ങൾ വനംവകുപ്പ് തന്നെ ഒരുക്കിവച്ചിട്ടുണ്ട്.
കുളമാവ്
സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിലുള്ള കുന്നിൻ പ്രദേശമാണിവിടം. പാറക്കുന്നുകൾക്കിടയിൽ കിടക്കുന്ന ഈ ജലാശയത്തിന് 33 ചതുരശ്ര കി.മീ വിസ്തൃതിയാണുള്ളത്. ട്രക്കിംഗിന് അനുയോജ്യമായ സ്ഥലമാണിവിടം. ഇതിനടുത്താണ് മൂലമറ്റം ഭൂഗർഭ പവർ സ്റ്റേഷൻ. ഇവിടെ നിന്നും ഇടുക്കി വന്യജീവി സങ്കേതം സന്ദർശിക്കാം.
പാൽക്കുളമേട്
ഇടുക്കിയിൽ നിന്നും 12 കി.മീ അകലെ സമുദ്രനിരപ്പിൽ നിന്നും 3125 മീ. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗിരിശൃംഗമാണിവിടം. കാട്ടാനകൾ സുലഭമായി കാണപ്പെടുന്ന പ്രദേശം കൂടിയാണ്. ഹൈക്കിംഗിനും ട്രക്കിംഗിനും സൗകര്യമുള്ള ഈ കൊടുമുടി ഏതുസമയവും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട്.
മൂന്നാർ
വിനോദസഞ്ചാരികളുടെയും പ്രകൃതിസ്നേഹിതകളുടെയും പറുദീസയാണ് മൂന്നാർ. കേരളത്തിലെ ഏറ്റവും മനോഹരമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണിത്. ആദ്യാനുഭവത്തിൽ തന്നെ മൂന്നാർ സഞ്ചാരികളെ കീഴടക്കും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. കേരളത്തിനു പുറത്തും പ്രശസ്തമാണിവിടം. തമിഴ്നാടുമായി അടുത്തപ്രദേശമായതിനാൽ സാംസ്കാരികമായ ഒരു സങ്കലനം ഇവിടുത്തെ ജനതയിൽ കാണാൻ കഴിയും. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1600-1800 മീ. ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥയാണ് ഇവിടുത്തെ പ്രധാന ആകർഷണീയത. ഹണിമൂൺ ആഘോഷിക്കാനെത്തുന്നവർക്കും സാഹസികതയിലേർപ്പെടാനാഗ്രഹിക്കുന്ന യുവാക്കൾക്കും ഏകാകികളായി യാത്ര ചെയ്യുന്നവർക്കുമെല്ലാം ഇവിടം സ്വർഗീയഭൂമിയാണ്.
ആട്ടുക്കൽ
മൂന്നാറിൽ നിന്ന് 9 കി.മീ മാറി മൂന്നാറിനും പള്ളിവാസലിനുമിടയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഉയരമേറിയ കുന്നിൻനിരകൾക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മഴക്കാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ട്രക്കിംഗിനു പറ്റിയ സ്ഥലമാണിവിടം.
രാമക്കൽമേട്
സാക്ഷാൽ ശ്രീരാമൻ കാൽവയ്ച്ചയിടം എന്ന വിശ്വാസത്തിലാണ് രാമക്കൽ മേട് എന്ന പേര് ലഭിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കുന്നിൻപ്രദേശം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. പർവ്വതങ്ങളും തണുത്തകാറ്റും ഹരിത താഴ്വരകളും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്. ഇവിടെ നിന്നും നോക്കിയാൽ ഒരേസമയം കേരളത്തിന്റെയും തമിഴ്നാടിന്റെയും ഹരിതഭംഗി ആസ്വദിക്കാം. കുറവന്റെയും കുറത്തിയുടെയും പ്രതിമയും രാമക്കൽമേട്ടിലെ മറ്റൊരു പ്രധാന കാഴ്ചയാണ്.
പള്ളിവാസൽ
മൂന്നാറിൽ നിന്നുമാറി 8 കി.മീ അകലെ ദേവികുളത്താണ് പള്ളിവാസൽ വെള്ളച്ചാട്ടമുള്ളത്. സീതാദേവി തടാകത്തിനടുത്തായാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ആദ്യജലവൈദ്യുത പദ്ധതിയുടെ പേരിൽ പ്രശസ്തമാണിവിടം. വലിപ്പം കൊണ്ട് ചെറുതാണെങ്കിലും കാഴ്ചയുടെ നിറവസന്തം തന്നെയാണ് പള്ളിവാസൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ തിരക്കുകളിൽ നിന്നകന്ന് ശുദ്ധവായു ആഗ്രഹിക്കുന്നവർക്ക് പള്ളിവാസൽ തീർച്ചയായും കുളിർമ്മ സമ്മാനിക്കും.
ഇരവികുളം
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിദ്ധ്യമുള്ള സ്ഥലങ്ങളിലൊന്നാണ് ഇരവികുളം. പശ്ചിമഘട്ട മലനിരകളിൽ 97 ചതുരശ്ര കി.മീ സ്ഥലത്ത് പരന്നുകിടക്കുന്ന ദേശീയോദ്യാനമാണിവിടം. വരയാടുകളാണ് പ്രധാന ജീവിവർഗ്ഗം. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനമാണിവിടം. കോർ ഏരിയ, ബഫർ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഈ ഉദ്യാനത്തെ മൂന്നായി തിരിച്ചിരിക്കുന്നു. രാജമലയെന്നറിയപ്പെടുന്ന ടൂറിസം ഏരിയയിൽ മാത്രമേ സന്ദർശനം ലഭിക്കുകയുള്ളൂ. 26 തരത്തിൽപ്പെട്ട സസ്തനികൾ, 132 വിഭാഗം പക്ഷികൾ എന്നിവയെല്ലാം ഇവിടെ സംരക്ഷിക്കപ്പെടുന്നു. മൃഗങ്ങളുടെ പ്രജനനകാലമായതിനാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇരവികുളത്തേക്കുള്ള വിനോദയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പോതമേട്
മനോഹരമായ ഒരു കൊച്ചുഗ്രാമമാണ് പോതമേട്. മൂന്നാറിൽ നിന്ന് ആറു കി.മീ സഞ്ചരിച്ചാൽ ഇവിടെയെത്താം. കൊച്ചുകൊച്ചു കുന്നുകളും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. മൂന്നാറിന്റെ വിദൂരഭംഗി ആസ്വദിക്കാൻ കഴിയും എന്നതാണ് ഈ ഗ്രാമത്തെ വേറിട്ടു നിറുത്തുന്നത്. വ്യൂപോയിന്റിൽ നിന്നുവേണം മൂന്നാറിന്റെ വിദൂരഭംഗി ആസ്വദിക്കാൻ. തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും കൊണ്ട് സുന്ദരമാണിവിടം. ട്രക്കിംഗ് പ്രിയരുടെയും പ്രകൃതിസ്നേഹികളുടെയും ഇഷ്ട കേന്ദ്രമാണിവിടം. ഈ ഗ്രാമീണ ഭംഗി കാമറയിൽ പകർത്താനും ഒട്ടേറെപേർ ഇവിടെ എത്താറുണ്ട്. മൂന്നാറിലെത്തിയാൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്.
കുട്ടിക്കാനം
സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം പീരുമേട്ടിലെ പ്രധാന ആകർഷണകേന്ദ്രമാണ്. കുട്ടിക്കാനം പരിസരത്തെ പാഞ്ചാലിമേട് ട്രക്കിംഗ് പ്രിയരുടെ സ്വർഗമാണ്. ഇവിടെ സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനുകളുമാണ്. ഒട്ടേറെ ഗാനരംഗങ്ങളുടെ ചിത്രീകരണം ഇവിടെവച്ച് നടന്നിട്ടുണ്ട്. ബ്രിട്ടീഷുകാർ നിർമ്മിച്ച അമ്മച്ചികൊട്ടാരം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. കാല്പനികരായ കവികൾക്കും ചിത്രകാരന്മാർക്കുമെല്ലാം ഇഷ്ടപ്പെടുന്ന സ്ഥലമാണ്. കവികളുടെയും ചിത്രകാരന്മാരുടെയും സർഗവാസനയെ ഉണർത്താൻ ഈ പ്രദേശത്തിന് കഴിയും. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
ആനയിറങ്കൽ
പോത്തൻമേട്ടിന് സമീപമാണ് ഈ പ്രദേശം. മൂന്നാറിൽ നിന്ന് 22 കി.മീ ഗ്യാപ് റോഡ് വഴി സഞ്ചരിച്ച് വേണമിവിടെയെത്താൻ. തേയിലത്തോട്ടങ്ങളും അണക്കെട്ടുകളും തടാകവുമാണ് ഇവിടത്തെ പ്രധാന ആകർഷണീയത. മൈലുകളോളം നീണ്ടുകിടക്കുന്ന കാടുകളും തേയിലത്തോട്ടങ്ങളും ഇവിടെയുണ്ട്. ടാറ്റ ടീ പ്ലാന്റേഷനും ഇവിടെ കാണാം. ഇവിടെ അനേകം റിസോർട്ടുകളുമുണ്ട്. അതുകൊണ്ടുതന്നെ ദിവസങ്ങളോളം താമസിച്ച് കാഴ്ചകൾ കാണാൻ സാധിക്കുന്നു. ഒട്ടേറെ സഞ്ചാരികൾ ഈ പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെയെത്തുന്നുണ്ട്.
രാജമല
മൂന്നാറിൽ നിന്നും 15 കി.മീ അകലെയാണീ പ്രദേശം. സമുദ്രനിരപ്പിൽ നിന്നും 2700 മീ. ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളുടെ സാന്നിദ്ധ്യമാണ് ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത്. ഇവയെകാണാനായി അനേകം സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. വരയാടുകളിൽ പകുതിയോളവും ഇരവികുളം- രാജമല ഭാഗത്താണ് ഉള്ളത്.
എക്കോപോയിന്റ്
മൂന്നാറിൽ നിന്നും 13 കി.മീ അകലെയാണ് എക്കോ പോയിന്റ്. മനോഹരമായ തടാകതീരത്താണ് ഈ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിദ്ധ്വനികൾ വീണ്ടും വീണ്ടും കേൾക്കുകയെന്നത് ആരും ഇഷ്ടപ്പെടും. ഇതുതന്നെയാണ് ഇതിന്റെ പ്രധാന ആകർഷണീയത. ചുറ്റുപാടുകളെ തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും പുൽമേടുകളും പ്രത്യേകമായ ഭംഗി സമ്മാനിക്കുന്നു.
കാൽവരി മൗണ്ട്
കുടുംബാംഗങ്ങളുമായുള്ള പിക്നിക്കിനും ഹണിമൂൺ യാത്രയ്ക്കും പറ്റിയ സ്ഥലമാണിവിടം. ഇടുക്കിയിൽ നിന്ന് 12 കി.മീ അകലെ മലമുകളിലാണ് കാൽവാരി മൗണ്ട്. ഈ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ ചുറ്റുപാടുമുള്ള മലകളുടെയും കാടുകളുടെയും ഇടുക്കി ജലാശയത്തിന്റെയും മേടുകളുടെയും മനോഹരകാഴ്ച കാണാം.
കുറുഞ്ഞിമല സാങ്ച്വറി
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് കുറിഞ്ഞിമല സാങ്ച്വറി സ്ഥിതിചെയ്യുന്നത്. അപൂർവ്വയിനം സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസകേന്ദ്രം കൂടിയാണിവിടം. 32 ചതുരശ്ര കി.മീ ചുറ്റളവിൽ നീലക്കുറിഞ്ഞിക്ക് മാത്രമായി ഒരു തോപ്പ് തന്നെയിവിടെയുണ്ട്. നീലക്കുറിഞ്ഞി പൂത്താൽ വിനോദസഞ്ചാരികൾ ഏറ്റവുമധികം എത്തുന്നതും ഇവിടേക്ക് തന്നെ. ആന,നീലഗിരി കാട്ട് പോത്ത്, മാനുകൾ, വരയാടുകൾ തുടങ്ങി അപൂർവ്വ ജീവവൈവിധ്യങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. ചിന്നാർ, ഇന്ദിരാഗാന്ധി വന്യജീവി സങ്കേതങ്ങൾ, കുറുഞ്ഞിമല സാങ്ച്വറിക്കടുത്തായി തന്നെ കാണുന്നു. ഇരവികുളം,പാമ്പാടുംചോല, ആനമുടി ചോല എന്നീ ദേശീയോദ്യാനങ്ങളും ഇതിനടുത്താണ്.
മീനുളി
നിത്യഹരിത വനവും കൂറ്റൻ പാറയുമാണ് ഇവിടത്തെ പ്രത്യേകത. തൊടുപുഴ വെണ്മണിയിൽ നിന്നും അടുത്തുള്ള സ്ഥമാണിത്. 500 ഏക്കറോളം നീണ്ടുകിടക്കുന്ന പാറയാണിത്. ഇതിനുമുകളിൽ നിന്നാൽ ലോവർ പെരിയാറിന്റെയും ഭൂതത്താൻ കെട്ടിന്റെയും കാഴ്ചകൾ കാണാം. ഈ പാറയ്ക്ക് മുകളിൽ ഏക്കർ കണക്കിന് വരുന്ന നിത്യഹരിത വനമുണ്ട്. പാറക്കയറ്റത്തിൽ കമ്പമുള്ളവരും മൂന്നാറിലെത്തുന്നവരും മീനുളി കാണാതെ മടങ്ങരുത്.
മാട്ടുപ്പെട്ടി
1940ൽ പണിതീർത്ത മാട്ടുപ്പെട്ടി അണക്കെട്ടാണിവിടത്തെ പ്രധാന പ്രത്യേകത. നിബിഡവനങ്ങളും പുൽമേടുകളുമെല്ലാമാണ് ഇവിടത്തെ കാഴ്ചകളെ മനോഹരമാക്കുന്നത്. മാട്ടുപെട്ടി അണക്കെട്ടിന്റെ പരിസരം മനോഹരമായ പിക്നിക് കേന്ദ്രമാണ്. ഇൻഡോ - സ്വിസ് ലൈവ് സ്റ്റോക് പ്രോജക്ടിന് കീഴിലുള്ള ഒരു കാലിവളർത്തൽ കേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നൂറോളം ഇനങ്ങളിൽപ്പെട്ട കന്നുകാലികളെ ഫാമിൽ കാണാം.
തൂവാനം
പമ്പാർ നദിയിൽ നിന്നാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. മറയൂരിൽ നിന്നും 10 കി.മീ മാറി ചിന്നാർ വന്യജീവിസങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ട്രക്കിംഗ് ട്രെയിലറുകളുണ്ട്. വർഷത്തിൽ എല്ലാകാലത്തും സന്ദർശകർക്കായി ഇവിടം തുറന്നിട്ടിരിക്കുന്നു.
വാഗമൺ
ഏഷ്യയുടെ സ്കോട് ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. താരതമ്യേന ഹിൽസ്റ്റേഷനുകളുടെ എണ്ണം കുറവായ കേരളത്തിൽ വയനാടും മൂന്നാറും വാഗമണുമാണ് ഹിൽസ്റ്റേഷൻ റാണിമാർ. കേരളത്തിലെ കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ കിടക്കുന്ന ഇവിടം പ്രധാന ഹണിമൂൺ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുൽമേടുകളും മലനിരകളും പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലു പോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ഇവിടം സ്വർഗീയമാക്കുന്നു. നിബിഡമായ പൈൻകാടുകളും ഇവിടത്തെ പ്രത്യേകതയാണ്. റോക്ക് ക്ലൈംബിംഗ്, ട്രക്കിംഗ്, പാരഗ്ലൈഡിംഗ് തുടങ്ങിയവയ്ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. വർഷം മുഴുവൻ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരത്തും അനുഭവപ്പെടാറുള്ളത്.
പീരുമേട്
ഇടുക്കിയിൽ നിന്നും തേക്കടിയിലേക്ക് പോകുന്ന വഴിയുള്ള മലയോരപട്ടണമാണിവിടം. മനോഹരമായ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമാണിവിടുത്തെ പ്രത്യേകത. കോട്ടയം ജില്ലയിൽ നിന്ന് 75 കി.മീ ആണ് ഇവിടേയ്ക്കുള്ള ദൂരം. സമുദ്രനിരപ്പിൽ നിന്നും 915 മീ. ഉയരത്തിൽ പശ്ചിമഘട്ടമലനിരകളിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്. ഇതുതന്നെയാണ് ഇവിടത്തെ മനോഹര കാലാവസ്ഥയ്ക്ക് കാരണം. പെരിയാർ കടുവസങ്കേതവും വെള്ളച്ചാട്ടങ്ങളും ട്രക്കിംഗുമെല്ലാം പ്രധാന ആകർഷണങ്ങളാണ്. പുൽമേടുകളും വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളുമെല്ലാം ചേർന്ന് ഇവിടം കാഴ്ചകളാൽ സമ്പന്നമായി തീരുന്നു. ഒട്ടേറെ ആയുർവേദ റിസോർട്ടുകളുള്ള ഇവിടെ സുഖചികിത്സയ്ക്കും മറ്റുമായി ഒട്ടേറെ പേർ ഇവിടെയെത്താറുണ്ട്.
ഇടുക്കി ആർച്ച് ഡാം
വലിപ്പത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമാണിത്. ഏഷ്യയിൽ ഒന്നാമത്തതും. കുറവൻ മല, കുറത്തിമല എന്നീ രണ്ടു കുന്നുകൾക്കിടയിൽ പെരിയാർ നദിക്ക് കുറുകെയാണീ ഡാം നിർമ്മിച്ചിരിക്കുന്നത്. 550 അടി ഉയരവും 650 അടി വീതിയുമാണ് ഈ ഡാമിനുള്ളത്. ഇടുക്കി വന്യ ജീവിസങ്കേതം ഈ ഡാമിന് സമീപത്തായിട്ടാണ്. അഞ്ചു നദികളും 20 ഇതര ഡാമുകളും ഒരു ഭൂഗർഭ തുരങ്കവും അടങ്ങുന്ന വൈദ്യുത നിലയമാണിത്. ഡാമിന്റെ സവിശേഷമായ വലിപ്പത്തിന് പുറമേ പ്രകൃതിരമണീയമാണിവിടം. മഴക്കാലത്താണ് ഇവിടം സന്ദർശിക്കാൻ കൂടുതൽ ഉചിതം. ആഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള സമയമാണ് ഈ ഡാം സന്ദർശിക്കാൻ പറ്റിയ സമയം. ഈ സമയത്ത് ആർച്ച് ഡാം കൂടുതൽ മനോഹരിയായി കാണപ്പെടുന്നതും.
തൊമ്മൻകുത്തും ആനചാടികുത്തും
തൊടുപുഴയിൽ നിന്നും ഉടുമ്പന്നൂർ വഴി 19 കി.മീ സഞ്ചരിച്ചാൽ ശരീരവും മനസും ഒരുപോലെ കുളിർപ്പിക്കുന്ന രണ്ട് വെള്ളച്ചാട്ടങ്ങൾ. തൊമ്മൻ കുത്തിലേക്കുള്ള വഴി കാടിന്റെ മനസ്സറിഞ്ഞുള്ളതാണെങ്കിൽ ആനച്ചാടിക്കുത്തിൽ നമുക്ക് നീരാടാൻ പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു വിസ്മയം തന്നെ കരുതി വച്ചിരിക്കുന്നു. കുടുംബസമേതം കാട്ടുചോലയിൽ നീരാടാൻ ഇടുക്കിയിൽ ഇതിലും പറ്റിയ മറ്റൊരു സ്ഥലമില്ല.
വട്ടവട
മൂന്നാർ ടൗണിൽ നിന്ന് 40 കി.മീ യാത്ര ചെയ്താൽ വട്ടവടയെത്താം. ഒപ്പം നിരവധി കാഴ്ചകളും. ഇടുക്കിയുടെ തീരദേശ, മണ്ണിൽ പൊന്നുവിളയുന്ന സ്വർഗം, ശീതകാല പച്ചക്കറികളുടെ വിളനിലം തുടങ്ങി വിശേഷണങ്ങളൊന്നും അധികമാകില്ല വട്ടവടയ്ക്ക്. മണ്ണിനോടും മലമ്പാമ്പിനോടും കാട്ടുപന്നിയോടും മല്ലടിച്ച് ഇവർ കൃഷി ചെയ്യുന്നു. ഒരു കാർഷിക സംസ്കാരം ഇവിടെ നിന്നും പകർത്തിയെടുക്കാം.
ആനക്കയം, കാഞ്ഞാർ
ഇടുക്കിയുടെ കവാടം ഇവിടെ നിന്നാണ് തുടങ്ങുന്നത്. മലങ്കരഡാമിന്റെ ജലസമ്പത്ത് നിറഞ്ഞുനിൽക്കുന്ന അനുഗ്രഹീത ഗ്രാമമാണിത്. സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ കൂടിയാണിവിടം. കുഞ്ഞിക്കൂനൻ മുതൽ ആട് 2 വരെ നീണ്ടുകിടക്കുന്ന സിനിമകളുടെ ലിസ്റ്റുണ്ട് ഇവിടുത്തെ ഗ്രാമഭംഗി പകർത്തിയ ചിത്രങ്ങളുടെ കൂട്ടത്തിൽ. തൊടുപുഴയിൽ നിന്ന് 10 കി.മീ ഇടുക്കി റൂട്ടിൽ സഞ്ചരിച്ചാൽ ഇവിടെയെത്താം.
ആനക്കുളം
മൂന്നാർ റൂട്ടിൽ കല്ലാറിൽ നിന്ന് തിരിഞ്ഞാൽ കാട്ടാനകൾ നീരാടുന്ന ഇവിടേയ്ക്ക് മാങ്കുളത്തുനിന്ന് 10 കി.മീ ഉള്ളിൽ സഞ്ചരിച്ചാൽ മതി. വനത്തിനുള്ളിലൂടെ കാട്ടാനകൾ മേയുന്ന കാഴ്ചകൾ കണ്ട് രസിക്കാം. പ്രധാനമായും കാട്ടാനകളുടെ വിഹാരകേന്ദ്രമാണിവിടം.
വൈശാലി ഗുഹ
ഇടുക്കി ഡാം മുഖത്തുനിന്നും അഞ്ചു കി.മീ നടന്നു കയറിയാൽ വൈശാലി ഗുഹയിലെത്താം. ഇടുക്കി ഡാം സഞ്ചാരികൾക്കായി തുറക്കുന്ന സമയത്തുമാത്രമാണ് ഈ വഴി സഞ്ചരിക്കാൻ സാധിക്കുക. വൈശാലി സിനിമയുടെ പ്രധാന ലൊക്കേഷനായിരുന്നതിനാലാണ് ഈ പേര് വരാൻ കാരണം. ഇടുക്കി ജലാശയത്തിന്റെ മറ്റൊരു ദൃശ്യമാണ് ഈ ഗുഹയിലൂടെ കടന്നുചെന്നാൽ കാണാൻ കഴിയുക.
ത്രിശങ്കു ഹിൽസ്
പീരുമേടിൽ നിന്നും 4 കി.മീ സഞ്ചരിച്ചാൽ ഇവിടെയെത്താം. നഗരത്തിലെ തിരക്കുകളിൽ നിന്നുമാറി ശാന്തത അനുഭവിക്കാൻ കഴിയും ഇവിടെ. സുഖശീതളിമയുള്ള കാറ്റും ചുറ്റുപാടുമുള്ള കുന്നുകളുമെല്ലാം ചേർന്ന് ഈ സ്ഥലത്തിന് പ്രത്യേകമായൊരു മനോഹാരിത സമ്മാനിക്കുന്നു. അസ്തമയ സമയത്ത് ഈ കുന്നിലൂടെ നടക്കുന്നത് ഒരേ സമയം കണ്ണിനെയും മനസിനെയും നിറയ്ക്കുന്ന അനുഭവമാണ്.
ഹിൽവ്യൂ പാർക്ക്
ഇടുക്കിയിൽ നിന്നും ഒന്നര കി.മീ അകലെയാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. 8 ഏക്കറുകളിലായി പരന്നുകിടക്കുന്ന ഈ ഉദ്യാനം ഇടുക്കി ആർച്ച് ഡാമിനും ചെറുതോണി ഡാമിനും അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിദത്തമായ തടാകവും ഇവിടുത്തെ സവിശേഷതയാണ്. കായലിലൂടെയുള്ള ബോട്ട് യാത്ര ആരും മിസ് ചെയ്യരുത്. ബോട്ട് യാത്ര നമ്മുടെ കാഴ്ചകളെ ജീവസ്സുറ്റതാക്കുന്നു. മാൻ, കാട്ട്പോത്ത്, ആന തുടങ്ങി ജീവികളുടെ സ്വാഭാവിക താവളങ്ങളാണിവിടം. ഇവ കൗതുകകരമായ കാഴ്ച പ്രദാനം ചെയ്യുന്നു. കൂടാതെ വംശനാശ ഭീഷണി നേരിടുന്ന ഒട്ടനവധി ഔഷധസസ്യങ്ങളുടെ തോട്ടവും കുട്ടികളുടെ കളിസ്ഥലങ്ങളും ഇവിടെയുണ്ട്. കണ്ണിനും മനസിനും കുളിർമയേകുന്ന ഒട്ടനവധി കാഴ്ചകൾ ഇവിടെ നിന്നും ലഭിക്കുന്നു.
ദേവികുളം
വർഷം മുഴുവൻ മനോഹരമായ കാലാവസ്ഥയാണിവിടെ. വേനൽക്കാലത്ത് കഠിനമായ ചൂട് അനുഭവപ്പെടാറില്ല. മൺസൂണിലും ശൈത്യകാലത്തും ഇവിടം അതിമനോഹരമാണ്. മനോഹരമായ കാഴ്ച തേടിയെത്തുന്നവരെ ദേവികുളം നിരാശപ്പെടുത്തില്ല. മൂന്നാറിൽ നിന്നും ഏഴു കി.മീ ദൂരമാണ് ഇവിടെയെത്താൻ. ജൈവവൈവിദ്ധ്യത്താൽ സമ്പന്നമാണിവിടം ചുവന്ന അരക്കുമരങ്ങളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. സീത ദേവി സ്നാനം നടത്തിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സീത ദേവി തടാകമാണ് ഇവിടുത്തെ പ്രധാന ആകർഷണീയത. സീതാദേവിതടാകം എന്ന പേരുവരാനും ഇതുതന്നെയാണ് കാരണം. മൂവായിരം വർഷത്തിലേറെ പ്രായം കണക്കാക്കിയിട്ടുള്ള എഴുത്തറികളും മുനിയറകളും എല്ലാമുള്ള നാടാണ് ദേവികുളം. തേയിലത്തോട്ടങ്ങളും ഇവിടുത്തെ പ്രധാന ആകർഷണീയതയാണ്.