temple

ശിവപ്രതിഷ്‌ഠയ്‌ക്ക് മുമ്പിലുള്ള നന്തി വിഗ്രഹത്തിൽ തൊഴുതശേഷമാണ് ഭക്തർ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കുക പതിവ്. തങ്ങളുടെ പ്രശ്‌നങ്ങൾ നന്തിയുടെ കാതിൽ പറയുന്നവരും കുറവല്ല. നന്തിയോട് പറഞ്ഞാൽ പെട്ടെന്ന് തന്നെ ഭഗവാൻ ശിവന്റെ അടുത്തേക്ക് കാര്യങ്ങളെത്തുമെന്നാണ് ഭക്തരുടെ വിശ്വാസം.

ശിവനിൽ ഇത്രയ്ക്കും സ്വാധീനമുള്ള നന്തി ആരാണെന്നറിയുമോ? ശിവന്റെ വാഹനമായ കാളയാണ് നന്തി. ശിവഗണങ്ങളിൽ പ്രധാനിയായ നന്തി നന്തികേശ്വരൻ,നന്തികേശൻ,നന്തി പാർശ്വൻ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. മാർകണ്ഡേയമുനിക്ക് സ്‌കന്ദപുരാണം പറഞ്ഞുകൊടുത്ത ജ്ഞാനിയായും, രാവണനെ മനുഷ്യൻ കൊല്ലുമെന്ന് ശപിച്ച തപസ്വിയായുമൊക്കെയായി നന്തിയെ ചിത്രീകരിയ്ക്കാറുണ്ട്.

കൈലാസനാഥന് അത്രയ്ക്ക് പ്രിയങ്കരനായ നന്തിയുടെ വിഗ്രഹമില്ലാത്ത ശിവക്ഷേത്രങ്ങൾ വളരെ കുറവാണ്. അവിടെയാണ് മഹാരാഷ്ട്രയിലെ നാസികിലുള്ള പഞ്ചവടിയിലെ കപാലേശ്വർ മഹദേവ ക്ഷേത്രം വ്യത്യസ്തമാകുന്നത്. ഈ ക്ഷേത്രത്തിൽ നന്തിയുടെ വിഗ്രഹമില്ലാതായതിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്.

ഐതീഹ്യം

temple

ഒരിക്കൽ ഇന്ദ്രസഭയിൽ വച്ച് ശിവനും ബ്രാഹ്മാവും തമ്മിൽ തർക്കമുണ്ടായി. അന്ന് ബ്രഹ്മാവിന് അഞ്ച് തലയുണ്ടായിരുന്നു. തർക്കം മൂത്തപ്പോൾ ഒരു തല ശിവൻ വെട്ടിക്കളഞ്ഞു. ബ്രഹ്മഹത്യാപാപത്തിൽ നിന്ന് മുക്തനാകാൻ വഴി തേടി ലോകം മുഴുവൻ ശിവൻ സഞ്ചരിച്ചു. അതിനിടയിലാണ് ഒരു പശുക്കുട്ടിയെ കാണുന്നത്.

അത് തള്ളപശുവിനോട് ബ്രഹ്മഹത്യാ താപത്തിൽ നിന്ന് മുക്തി നേടാനുള്ള വഴി തനിക്കറിയാമെന്ന് പറഞ്ഞു. ബ്രാഹ്മണനെ കൊന്ന പാപഭാരം കൊണ്ട് അതിന്റെ ശരീരം നീല നിറമായി. ശേഷം സമീപത്തുള്ള ഗോദാവരീ നദിയിലെ രാമകുണ്ഠത്തിൽ മുങ്ങിക്കുളിച്ചപ്പോൾ പാപമോക്ഷം ലഭിച്ച് പഴയ നിറം തിരിച്ച് കിട്ടി. ഇത് കണ്ട് ശിവനും ഇത് അനുകരിച്ചു. പപഭാരം കഴുകിക്കളഞ്ഞ ശിവൻ കാളക്കിടാവിനോട് നീ എനിയ്ക്ക് ഗുരു തുല്യനാണെന്നും മുന്നിൽ ഇരിക്കരുതെന്നും പറഞ്ഞു. അതിനാലാണ് ഈ ക്ഷേത്രത്തിൽ നന്ദി പ്രതിഷ്ഠ ഇല്ലാത്തതെന്നാണ് ഐതീഹ്യം.

സന്ദർശിക്കാൻ അനുയോജ്യമായ സമയം

ശിവരാത്രി സമയത്താണ് ഈ ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. തിങ്കളാഴ്ചകളിലും ഇവിടെ ഭക്തജനത്തിരക്ക് ഉണ്ടാകാറുണ്ട്.

എങ്ങനെ എത്തിപ്പെടാം...

രാമകുണ്ഠിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരമേ ഈ ക്ഷേത്രത്തിലേക്കുള്ളു. സിറ്റിയിൽ നിന്ന് ബസിലോ ടാക്സിയിലോ ഇവിടേക്കെത്താം.