america-iran-war

വാഷിംഗ്‌ടൺ: ഗൾഫ് മേഖലയിൽ അടുത്തിടെയുണ്ടായ പ്രശ്‌നങ്ങളിൽ ഇറാനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയത് മേഖലയെ വീണ്ടും യുദ്ധഭീഷണിയിലാക്കി.കഴിഞ്ഞ വ്യാഴാഴ്‌ച ഒമാൻ കടലിടുക്കിൽ നടന്ന ടാങ്കർ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച അമേരിക്ക, ഇറാനെതിരെ വേണമെങ്കിൽ സൈനിക നടപടിക്കും മടിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ആണവക്കരാറിൽ നിന്നും പിന്മാറിയത് മുതൽ ഇറാന് മുകളിൽ ട്രംപ് സൈനിക നടപടിയുടെ വാളോങ്ങുമെന്ന് സൂചനകളുണ്ടായിരുന്നു. യു.എസ് താത്പര്യങ്ങൾക്ക് വിഘാതം നിന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞ ചില കാര്യങ്ങളാണ് ലോകത്തെ വീണ്ടും യുദ്ധഭീഷണിയുടെ മുനമ്പിലെത്തിച്ചിരിക്കുന്നത്. ഞങ്ങൾ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ ഇറാൻ ഇനിയും പ്രകോപനം തുടർന്നാൽ സൈനിക നടപടിക്കും മടിക്കില്ലെന്നാണ് പോംപിയോയുടെ പക്ഷം.ഇത് ഇറാനെതിരെയുള്ള പടയൊരുക്കത്തിന്റെ സൂചനയാണെന്ന് ഇതിനോകം തന്നെ പ്രതിരോധ വിദഗ്‌ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

america-iran-war

ഒന്നിനും മടിക്കില്ല

ഇറാനുമായി തുടരുന്ന പ്രശ്‌നങ്ങൾ പരിഹാരം കാണാൻ സൈനിക നടപടി അടക്കമുള്ളവയ്‌ക്ക് അമേരിക്ക മടിക്കില്ലെന്നാണ് ഞായറാഴ്‌ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്‌താവിച്ചത്. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രസിഡന്റുമായി മുതിർന്ന ഉദ്യോഗസ്ഥർ നിരവധി തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാൻ എന്തൊക്കെ സ്വീകരിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഇതിൽ സൈനിക നടപടിയും ഉൾപ്പെടുന്നതാണ്. ഒരു കാരണവശാലും ഇറാന്റെ കയ്യിൽ ആണവായുധങ്ങൾ എത്തിച്ചേരില്ലെന്ന് അമേരിക്ക ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ ഒമാൻ കടലിടുക്കിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങളും ആക്രമണ രീതിയും പരിശോധിക്കുമ്പോൾ സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് വ്യക്തമാണ്. ഇന്റലിജൻസ് റിപ്പോർട്ടുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. തങ്ങളുടെ സഖ്യകക്ഷികളുടെ താത്പര്യങ്ങളെ ഹനിക്കുന്ന എല്ലാ നടപടികൾക്കും മറുപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

america-iran-war

യുദ്ധത്തിലേക്ക് തന്നെ

അതേസമയം, അമേരിക്ക ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഇറാനോട് യു.എസ് ഇപ്പോൾ തുടരുന്ന നയം യുദ്ധത്തിലേക്ക് നയിക്കുമെന്ന് മദ്ധ്യപൂർവേഷ്യയിലെ നിരീക്ഷകനായ റോബർട്ട് മാലേ പറയുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ മൂലം ഒരു ചർച്ചയുടെ വാതിൽ തുറക്കപ്പെടുമെന്നാണ് അമേരിക്ക കരുതുന്നത്. എന്നാൽ ഇത് ആരും ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ ഉപരോധം ഇറാനെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുമെന്നും അതിലൂടെ അവർ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകുമെന്നാണ് അമേരിക്ക കരുതുന്നത്. ഒരുപക്ഷേ കൂടുതൽ ഉപരോധ നടപടികൾക്കും അമേരിക്ക മുതിർന്നേക്കാം. എന്നാൽ ഈ നടപടികൾ ഇറാനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമോ എന്ന കാര്യത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്.

ഇറാൻ വിഷയത്തിൽ അമേരിക്കൻ സുരക്ഷാ ഉപദേഷ്‌ടാവ് ജോൺ ബോൾട്ടൺ, മൈക്ക് പോംപിയോ എന്നിവർ ഡൊണാൾഡ് ട്രംപിനെ വഴിതെറ്റിക്കുകയാണെന്ന് വാദിക്കുന്നവരുമുണ്ട്. സൈനിക നടപടിയിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ടായിട്ടും തെറ്റായ ഉപദേശങ്ങൾ നൽകുന്നത് ഇവർ രണ്ടുപേരുമാണെന്നും അമേരിക്കൻ - ഇറാൻ ബന്ധത്തെ പറ്റി പഠനം നടത്തുന്ന ട്രിറ്റാ പാർസി പറഞ്ഞു.

america-iran-war

സർപ്രൈസുകൾ കാത്ത് വച്ച് ഇറാൻ

എന്നാൽ അമേരിക്ക തങ്ങളുടെ മേലുള്ള ഉപരോധം കടുപ്പിച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകരാതെ പിടിച്ചു നിറുത്താനുള്ള പദ്ധതിയും ഇറാൻ ആവിഷ്‌‌ക്കരിച്ചിട്ടുണ്ട്. ഉപരോധം മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനുള്ള പുതിയ നയത്തിന് ഇറാൻ പാർലമെന്റ് കഴിഞ്ഞ ആഴ്‌ച അംഗീകാരം നൽകിയിട്ടുണ്ട്.എണ്ണ ഇതര സാമ്പത്തിക സംവിധാനത്തിന് ശക്തിപകരാനാണ് തീരുമാനം. വിദേശ വിനിമയ വിപണിയെയും പേയ്‌മെന്റുകളെയും ക്രമീകരിച്ച് സാമ്പത്തിക രംഗത്തെ വീഴ്ച ഒഴിവാക്കി മുന്നോട്ട് പോകാനാണ് ഇറാൻ ഇപ്പോൾ ശ്രമിക്കുന്നത്. ഓയിൽ ഫ്രീ ഇക്കണോമിക് കണ്ടക്‌ട് എന്നാണ് ഇറാൻ ഇതിന് പേര് നൽകിയിരിക്കുന്നത്. എന്നാൽ ഇറാൻ ആരുമായും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുമായും സമാധാനത്തിൽ നീങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. ഒരുപക്ഷേ ആരെങ്കിലും ഇറാനെതിരെ ആക്രമണം നടത്തിയാൽ അവർക്ക് വേണ്ടി പല സർപ്രൈസുകളും കരുതിവച്ചിട്ടുണ്ടെന്നും ഇറാൻ കൂട്ടിച്ചേർത്തു.

america-iran-war

എണ്ണവിലയിലും വർദ്ധന

അതേസമയം, മേഖല സംഘർഷത്തിലേക്ക് പോവുകയാണെന്ന രീതിയിൽ പ്രഖ്യാപനം വന്നതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡിന് 0.4 ശതമാനം വിലയുയർന്ന് ബാരലിന് 62.28 ഡോളറിലെത്തി. വിലയിൽ 1.1 ശതമാനത്തിന്റെ വർദ്ധനവായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നത്‌. ഗൾഫ് മേഖലയിൽ നിന്നും ഇനി എണ്ണയെത്തില്ല എന്ന ആശങ്കയും ടാങ്കറുകൾ ആക്രമിക്കപ്പെടുമോ എന്ന ഭയവുമാണ് വില വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.