കൊച്ചി: ക്രമസമാധാന പ്രശ്‌നങ്ങൾ കാണുമ്പോൾ സംസ്ഥാനത്ത് ഡി.ജി.പി ഉണ്ടോയെന്ന് പോലും സംശയിച്ച് പോകുന്നെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. പൊലീസുകാരൻ മറ്റൊരു പൊലീസുകാരിയെ തീ കൊളുത്തിക്കൊല്ലുന്നു, മറ്റൊരു പൊലീസുകാരനെ കാണാതാകുന്നു. ഇതൊക്കെ സംഭവിക്കുന്നത് താൻ ഡി.ജി.പി ആയിരിക്കുന്ന സമയത്തായിരുന്നെങ്കിൽ എല്ലാം തന്റെ തലയിൽ വരുമായിരുന്നെന്നും സെൻകുമാർ പറഞ്ഞു.
കൊച്ചിയിലെ ലോട്ടറി ക്ലബ് ബുക്കഴ്സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടി.പി സെൻകുമാർ. 'പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ആദ്യം എന്നെ പുറത്താക്കി. നിയമപോരാട്ടത്തിലൂടെ തിരിച്ചെത്തിയപ്പോൾ നിരീക്ഷിക്കാൻ ആളെ നിർത്തി. അവരെ തല്ലിയെന്ന് കഥയുണ്ടാക്കി. അവർക്ക് രണ്ട് അടി കൊടുക്കേണ്ടതായിരുന്നു' -സെൻകുമാർ പറഞ്ഞു.
വൈകാതെ തന്നെ അഭിഭാഷകനായി എൻറോൾ ചെയ്ത് സത്യം പറയാനുള്ള സ്വാതന്ത്ര്യം എന്നും ഉപയോഗിക്കുമെന്നും സെൻകുമാർ പറഞ്ഞു. അതേസമയം ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നരായണനെപ്പറ്റിയുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.