എ.ടി.എമ്മുകളും, ഓൺലൈൻ ബാങ്കിങ്ങും വ്യാപകമായതോടെ പണ ഇടപാടുകൾക്കായി നേരിട്ട് ബാങ്കിന്റെ ഓഫീസിൽ ചെല്ലേണ്ട ആവശ്യം ജനങ്ങൾക്ക് കുറവാണ്. മിക്കവാറും എ.ടി.എം കാർഡുമായോ, അക്കൗണ്ടുമായി ബന്ധപ്പെട്ട തടസങ്ങൾ മാറ്റുവാനോ, ഡി.ഡി തുടങ്ങിയ എടുക്കുവാനുമാവും ഇന്ന് മിക്കവാറും ബാങ്ക് ശാഖകളിൽ നേരിട്ട് ചെല്ലേണ്ടി വരുന്നത്. എന്നാൽ ബാങ്കുകളിലെ ഉദ്യോഗസ്ഥർ നിങ്ങളോട് അപമര്യാദയായി ഇടപെടുകയോ, സേവനം വ്യക്തമായ കാരണങ്ങളില്ലാതെ നിഷേധിക്കുകയോ ചെയ്താൽ നിരാശരായി മടങ്ങേണ്ട ആവശ്യമില്ല. ശരിക്കും കസ്റ്റമറുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ മാത്രമേ ബാങ്കുകൾക്ക് നിലനിൽപ്പുള്ളൂ, അതായത് ശരിക്കും കസ്റ്റമറാണ് രാജാവ് എന്ന് ചുരുക്കം.
ബാങ്കുകളിൽ നിന്നും കയ്‌പേറിയ അനുഭവമുണ്ടെങ്കിൽ പരാതി നൽകുവാനുള്ള സംവിധാനമുണ്ട്. അതിനായി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനായി റിസർവ് ബാങ്ക് നിയമിച്ചിട്ടുള്ള ഓഫീസറാണ് ബാങ്കിംഗ് ഓംബുട്സ്മാൻ.
ബാങ്കിംഗ് ഓംബുട്സ്മാനെ എങ്ങനെ സമീപിക്കാം
നമ്മുടെ രാജ്യത്ത് പതിനഞ്ച് സ്ഥലത്താണ് ബാങ്കിംഗ് ഓംബുട്സ്മാന്റെ ഓഫീസുള്ളത്. കേരളത്തിൽ തലസ്ഥാനമായ തിരുവനന്തപുരത്താണ് ബാങ്കിംഗ് ഓംബുട്സ്മാന്റെ ഓഫീസ്. എല്ലാ ദേശീയ ബാങ്കുകളുടേയും റൂറൽ ബാങ്കുകളുടേയും അംഗീകൃത കോ ഓപ്പറേറ്റീവ് ബാങ്കുകളുടെയും പ്രവർത്തനത്തെക്കുറിച്ച് ഇവിടെ പരാതി നൽകാനാവും. പരാതിക്കാരന് നേരിട്ടോ മറ്റൊരാൾ വഴിയോ പരാതികൾ നൽകാം. ഇത് കൂടാതെ ഓംബുട്സ്മാന്റെ ഓഫീസ് വെബ്‌സൈറ്റിൽ ഓൺലൈനായും ഇമെയിൽ വഴി പരാതി സമർപ്പിക്കുവാനാവും.
ഓംബുട്സ്മാൻ പരാതി ലഭിച്ചാൽ ആദ്യം ചെയ്യുന്നത് ഇരു വിഭാഗത്തേയും വിളിച്ച് ഒത്തുതീർപ്പിന് ശ്രമിക്കും. എന്നാൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ മാത്രം വാദം കേട്ട് വിധി പ്രഖ്യാപിക്കും. ഇനി ഓംബുട്സ്മാന്റെ തീർപ്പിലും നിങ്ങൾ തൃപ്തരല്ലെങ്കിൽ വിധിയ്ക്ക് 45 ദിവസത്തിനകം റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർക്ക് അപ്പീൽ നൽകാവുന്നതാണ്. ഇവിടെയും ഓർക്കേണ്ടത് കസ്റ്റമർ ആണ് ദ റിയൽ കിംഗ് എന്ന വസ്തുതയാണ്. ഇനി ഓർക്കേണ്ട ഒരു കാര്യം കൂടിയുണ്ട് നമ്മുടെ സേവനത്തിനായി നിയമിച്ചിരിക്കുന്ന ബാങ്കിംഗ് ഓംബുട്സ്മാനെ ചെറിയ കാര്യങ്ങൾക്കായി സമീപിക്കരുത്. എല്ലാ ബാങ്കുകൾക്കും കസ്റ്റമേഴ്സിന്റെ പരാതി പരിഹിക്കുന്നതിനായി അതാത് വിഭാഗങ്ങളുണ്ടാവും. ഇവിടെ പരാതി നൽകിയിട്ടും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മാത്രം ബാങ്കിംഗ് ഓംബുട്സ്മാനെ സമീപിക്കാം.