cpi

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്ന് പാർട്ടി ഏത് രീതിയിൽ മുന്നോട്ട് പോകണമെന്നതിനെച്ചൊല്ലി സി.പി.ഐയിൽ മൂന്ന് ചേരികൾ രൂപപ്പെട്ടതായി സൂചന. അതിലൊരു ചേരി കേരളത്തിലടക്കം കോൺഗ്രസ് മുന്നണിയുമായി ചേർന്ന് പോകാമെന്ന് വാദിക്കുന്നവരാണ്. രണ്ടാമത്തെ ചേരിയാകട്ടെ സി.പി.ഐ സി.പി.എം പുനരേകീകരണം അനിവാര്യമാണെന്ന നിലപാടിലാണ്. പാർട്ടിയെ ശക്തിപ്പെടുത്തി നിലവിലെ രീതിയിൽ മുന്നോട്ടുപോകുന്നതാണ് അഭികാമ്യമെന്നാണ് മൂന്നാംചേരിയുടെ നിലപാട്. ഇക്കാര്യങ്ങൾ പരസ്യമായി പറയാൻ നേതാക്കൾ തയാറല്ലെങ്കിലും വരുംദിവസങ്ങളിൽ ഇതുസംബന്ധിച്ച ചർച്ച പാർട്ടിയിൽ ഉയർന്നുവന്നേക്കുമെന്നാണ് സൂചന.

കോൺഗ്രസുമായി കൂട്ടുകെട്ട് വേണമെന്ന കാര്യത്തിൽ പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ടാകാനാണ് സാദ്ധ്യത. അതിനാൽ, ഇക്കാര്യം രഹസ്യമായി ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ടെങ്കിലും പാർട്ടിയിൽ അതൊരു ചർച്ചയാക്കാനുള്ള സാദ്ധ്യത വിരളമാണെന്ന് അവർതന്നെ പറയുന്നു. കേരളത്തിൽ കോൺഗ്രസുമായാണ് പ്രധാന പോരാട്ടം എന്നതിനാൽ അവരുമായുള്ള സഖ്യം ഒരിക്കലും നടക്കില്ലെന്ന നിലപാടാണ് പല നേതാക്കൾക്കുമുള്ളത്. അതേസമയം, സി.പി.ഐയുടെ വരവിനെ കോൺഗ്രസ് സ്വാഗതം ചെയ്യാൻ സാദ്ധ്യതയുണ്ടെങ്കിലും രണ്ടാംകക്ഷി സ്ഥാനം പോകുമോ എന്ന ആശങ്ക മുസ്ലീംലീഗിനുള്ളതിനാൽ അത്തരം ചില തടസങ്ങൾ യു.ഡി.എഫിലും ഉണ്ടാകാൻ ഇടയുണ്ട്. എങ്കിലും സി.പി.ഐയിൽ അത്തരമൊരു ചിന്ത ഉയർന്നുവന്നാൽ സ്വാഗതം ചെയ്യാൻ കോൺഗ്രസും യു.ഡി.എഫും തയാറായേക്കും.

തമിഴ്നാട്ടിൽ ഡി.എം.കെ കോൺഗ്രസ് സഖ്യത്തിനൊപ്പം നിന്ന് ലഭിച്ച രണ്ട് സീറ്റുകളാണ് ഇപ്പോൾ ലോക്സഭയിൽ സി.പി.ഐയ്ക്കുള്ള ആകെ സമ്പാദ്യം. മുമ്പ് എ.ഐ.എ.ഡി.എം.കെയുടെ കരുണയിൽ തമിഴ്നാട്ടിൽനിന്ന് ലഭിച്ച ദേശീയ നേതാവ് ഡി. രാജയുടെ രാജ്യസഭാംഗത്വവും അവസാനിക്കുകയാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കേരളത്തിലെ ചിലരും കോൺഗ്രസ് സഖ്യം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നുണ്ടത്രേ. കോൺഗ്രസ് സഖ്യം വേണമെന്ന് കേരളത്തിലെ ചില നേതാക്കൾ രഹസ്യമായി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുമ്പോഴും പല വിഷയങ്ങളിലും സി.പി.എമ്മുമായി സി.പി.ഐ ഇടഞ്ഞിട്ടുണ്ട്. പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനും സി.പി.ഐ മടികാട്ടാറില്ല.

അതേസമയം, കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം എന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഉരുത്തിരിഞ്ഞ ആശയത്തെ മുൻനിറുത്തി അതേക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ മനസിലിരുപ്പ്. 55 വർഷമായി രണ്ടായി പ്രവർത്തിക്കുന്ന സി.പി.എമ്മും സി.പി.ഐയും യോജിക്കുന്നതിൽ ബുദ്ധിമുട്ട് ഏറെയാണെങ്കിലും കാലഘട്ടം ഇതാവശ്യപ്പെടുന്നുവെന്ന ചിന്താഗതിയാണ് ഇതിനെ അനുകൂലിക്കുന്ന നേതാക്കൾക്കുള്ളത്. കമ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം എന്ന് കേൾക്കുമ്പോൾ എതിർപ്പുമായി വരുന്ന സി.പി.എമ്മിലെ ചിലരുടെ മനോഭാവത്തിൽ മാറ്രം വന്നിട്ടുണ്ടെന്ന വിലയിരുത്തലും ചില നേതാക്കൾക്കുണ്ട്.

ഈ മാസം 19 മുതൽ 21വരെ സി.പി.ഐ ദേശീയ കൗൺസിൽ യോഗം ചേരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് വിശകലനമാവും പ്രധാനമായും നടക്കുകയെങ്കിലും വരുംനാളുകളിൽ പാർട്ടി എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്ന ചർച്ചയും നടന്നേക്കാം. കേരളത്തിൽ നിന്നുള്ള 13 അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.


യോജിച്ച പ്രവർത്തനവും സഖ്യവും രണ്ടാണ്: പന്ന്യൻ രവീന്ദ്രൻ

ബി.ജെ.പിയുടെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കും കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കും എതിരായി കോൺഗ്രസും മറ്ര് മതേതര പാർട്ടികളുമായുള്ള യോജിച്ച പോരാട്ടവും തിരഞ്ഞെടുപ്പ് സഖ്യവും രണ്ടാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ആദ്യ യു.പി.എ സർക്കാരുമായി സഹകരിച്ചത്. കോൺഗ്രസിന് ബി.ജെ.പിയുടെ നയങ്ങൾ തന്നെയാണ്. എന്നാൽ ബി.ജെ.പിയെ എതിർക്കാൻ വിശാലമായ പൊതുവേദി ഉണ്ടാക്കും. ഇത് തിരഞ്ഞെടുപ്പ് സഖ്യമല്ല. പൊതുവായ ആവശ്യങ്ങൾക്കുള്ള യോജിച്ച പോരാട്ടം മാത്രമാണെന്നും പന്ന്യൻ പറഞ്ഞു.