സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായ അയ്യങ്കാളിയുടെ ചരമദിനമായ ജൂൺ 18 വെങ്ങാനൂർ തീർത്ഥാടനദിനമായി ഇന്ന് പ്രഖ്യാപിക്കുകയാണ്. നവോത്ഥാന പ്രസ്ഥാനത്തിലെ ത്രിമൂർത്തികളിൽ ശ്രീനാരാണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും സമാധിസ്ഥലങ്ങളാണ് തീർത്ഥാടന കേന്ദ്രങ്ങളായി മാറിയിട്ടുള്ളത്. വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതികുടീരവും നവോത്ഥാന തീർത്ഥാടനകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ്. ജാത്യാഭിമാന ബോധവും അസഹിഷ്ണുതയും വർഗീയചിന്തകളും മുമ്പില്ലാത്ത വിധം കേരളത്തിൽ തലയുയർത്തി വരുന്ന സാഹചര്യത്തിൽ വെങ്ങാനൂർ തീർത്ഥാടന പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമുണ്ട്.
14-ാം നൂറ്റാണ്ട് മുതൽ 17-ാം നൂറ്റാണ്ട് വരെ യൂറോപ്പിൽ നടന്ന പരിവർത്തനങ്ങളുടെ ചുവടു പിടിച്ചാണ് 19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ബംഗാളിലാരംഭിച്ച് ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്ക് വ്യാപിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ ആരംഭം. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കുന്ന രാജാറാം മോഹൻ റോയിയെ തുടർന്ന് ദ്വാരകാനാഥ് ടാഗോറും ദേവേന്ദ്രനാഥ് ടാഗോറും ഈശ്വരചന്ദ്ര വിദ്യാസാഗറും കേശവ് ചന്ദ്രസെന്നും മുന്നേറ്റങ്ങളുടെ മുന്നിൽ നിലയുറപ്പിച്ചു. എന്നാൽ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് മാനവികതയുടെയും തുല്യതയുടെയും വിമോചന പോരാട്ടത്തിന്റെയും ആശയങ്ങൾ എത്തിക്കുന്നതിൽ ഇവർക്ക് പരിമിതികൾ ഏറെയുണ്ടായിരുന്നു. പരിഷ്കരണത്തിനപ്പുറം ജനാധിപത്യപരമായ ജീവിതാവസ്ഥ കെട്ടിപ്പെടുക്കാൻ അടിത്തട്ടിലുള്ളവരെ സംഘടിപ്പിക്കുന്നതിൽ ഇവർ വിജയിച്ചതുമില്ല. അതിനാൽ അടിമ - അയിത്ത ജാതികൾ ഇവരുടെ കാഴ്ചകൾക്കും അപ്പുറമായി നിലകൊണ്ടു. അയിത്തജാതിക്കാരിൽ നിന്നുയർന്നുവന്ന ആദ്യ നവോത്ഥാന നായകൻ മഹാരാഷ്ട്രയിലെ ജ്യോതിറാവു ഫൂലെ ആയിരുന്നു. ഗുജറാത്തിൽ സ്വാമി നാരായണന്റെയും ഒറീസയിൽ മഹിമ ഗോസായിയുടെയും നേതൃത്വത്തിൽ പോരാട്ടങ്ങൾ രൂപംകൊണ്ടപ്പോൾ തമിഴകത്ത് ഇ. വി രാമസ്വാമി നായിക്കരുടെ നേതൃത്വത്തിലാണ് സവർണ മേധാവിത്വത്തിനെതിരെ വെല്ലുവിളികൾ ഉയർന്നത്. കേരളത്തിലാകട്ടെ കീഴാള വിഭാഗത്തിൽ നിന്ന് ഒരു നീണ്ടനിര നേതാക്കന്മാർ നവോത്ഥാന പ്രസ്ഥാനത്തെ നാലുപാടും നിന്ന് മുന്നോട്ട് നയിക്കാനുണ്ടായിരുന്നു. വൈകുണ്ഠസ്വാമി, ആറാട്ടുപുഴ വേലായുധപ്പണിക്കർ, ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി, പൊയ്കയിൽ അപ്പച്ചൻ, പണ്ഠിറ്റ് കറുപ്പൻ, സഹോദരൻ അയ്യപ്പൻ, വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി, വക്കം മൗലവി, മക്തി തങ്ങൾ, ചാവറ കുര്യാക്കോസ്, പാലകുന്നത്ത് അബ്രഹാം മല്പാൻ, സി.കേശവൻ, ടി.കെ.മാധവൻ തുടങ്ങി നിരവധി നവോത്ഥാന പഥികരുടെ ത്യാഗനിർഭരമായ പ്രവർത്തനങ്ങളാണ് നാമിന്ന് കാണുന്ന കേരളത്തിന് അടിത്തറ.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ സമരോത്സുകമായ അദ്ധ്യായമാണ് അയ്യങ്കാളി പ്രസ്ഥാനത്തിന്റേത്. മതത്തിന്റെയും ജാതിയുടെയും പേരിലുയർന്ന് നിന്ന മതിൽകെട്ടുകളെ അസാമാന്യ ധീരതയോടെയാണ് അയ്യങ്കാളി നേരിട്ടത്. ജാതികേന്ദ്രീകൃത അനീതികളെയും യുക്തിരഹിതമായ സാമൂഹ്യ ശാസനകളെയും വെല്ലുവിളിക്കാൻ അയിത്തജാതിക്കാർക്ക് അയ്യങ്കാളി അജയ്യമായ നേതൃത്വം നൽകി. ജാതി മേധാവിത്വത്തിന്റെ ക്രൂരമായ ചെയ്തികളെ സമുദായ നവീകരണത്തിലൂടെയോ പരിഷ്കരണത്തിലൂടെയോ മാത്രം ചെറുക്കാനാവില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു. സമുദായ പരിഷ്കരണത്തിന് അപ്പുറത്തേക്ക് കടന്ന് ആധുനികവും നവോത്ഥാനപരവും പാരമ്പര്യേതരവുമായ ജീവിത രീതിയിലേക്ക് പതിറ്റാണ്ടുകളായി അടിമജീവിതം പേറിയിരുന്ന അയിത്ത ജാതിക്കാരെ അദ്ദേഹം നയിച്ചു. സമാനതകളില്ലാത്ത അടിമ വിമോചന പോരാട്ടമാണ് അയ്യങ്കാളി നയിച്ചതെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സൈദ്ധാന്തികമോ നൈതികമോ ആയ തലങ്ങളിലോ സാമൂഹ്യശാസ്ത്ര വിശകലനങ്ങളുടെ മറ്റ് അളവുകോൽ ഉപയോഗിച്ചോ ഇന്നും വേണ്ടത്ര അപഗ്രഥന വിധേയമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ എല്ലാ പരിഷ്കരണ പ്രയത്നങ്ങളുടെയും കാതൽ, മനുഷ്യരെ സ്വയം ഉറച്ചു നിൽക്കാൻ പര്യാപ്തമാക്കുകയെന്നതായിരുന്നു.
18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജർമ്മൻ ചിന്തകൻ ഇമ്മാനുവേൽ കാന്റിന്റെ നിരീഷണങ്ങളോടാണ് അയ്യങ്കാളിയുടെ പോരാട്ടങ്ങളെ താരതമ്യപ്പെടുത്താനാവുക. 'എന്താണ് നവോത്ഥാനം ഒരു ചോദ്യത്തിനുള്ള ഉത്തരം" എന്ന പ്രബന്ധത്തിൽ യുക്തിയുടെയും ശരീരത്തിന്റെയും സ്വാതന്ത്ര്യമാണതെന്ന് കാന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ജാതിവ്യവസ്ഥയുടെ യുക്തിരാഹിത്യത്തെയും അനീതികളെയും വെല്ലുവിളിച്ചാണ് അയ്യങ്കാളി പൊരുതി മുന്നേറിയത്. നിഷേധിക്കപ്പെട്ട സഞ്ചാര സ്വതന്ത്ര്യത്തിന് വേണ്ടി വില്ലുവണ്ടിയാത്രയും വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി കാർഷിക പണിമുടക്കും പൊതു ഇടങ്ങളുടെ ഉപയോഗത്തിനും പ്രവേശനത്തിനും വേണ്ടി ചന്തസമരങ്ങളും അദ്ദേഹം സംഘടിപ്പിച്ചു. ചരിത്രത്തിലാദ്യമായി വസ്ത്രത്തെയും ശരീരത്തെയും സാമൂഹ്യ വിപ്ലവത്തിനുള്ള ഉപാധികളാക്കിയത് അയ്യങ്കാളിയാണ്. ശരീരത്തിലണിയാൻ വിലക്കേർപ്പെടുത്തിയിരുന്ന ആഭരണങ്ങൾ ഉപയോഗിക്കാനും അയിത്തജാതി ചിഹ്നങ്ങളായ ആഭരണങ്ങൾ ബഹിഷ്കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അയ്യങ്കാളി കടുക്കൻ ( ചുവന്ന കമ്മൽ) ധരിക്കുമായിരുന്നു. അക്കാലത്ത് വരേണ്യ സമുദായത്തിൽപ്പെട്ടവർ മാത്രമാണ് കടുക്കൻ ധരിച്ചിരുന്നത്. " കറുത്തകോട്ടും കുങ്കുമപൊട്ടും തലപ്പാവും മേൽവേഷ്ടിയുമായി അയ്യങ്കാളി പ്രജാസഭയിലേക്ക് വരുമ്പോൾ ഇദ്ദേഹമല്ലേ ദിവാൻജി എന്ന് സന്ദർശകരിൽ പലരും തെറ്റിദ്ധരിച്ചിരുന്നു' എന്ന് മന്നത്ത് പത്മനാഭൻ രേഖപ്പെടുത്തിയിട്ടുള്ളതിലൂടെ വസ്ത്രത്തെയും ശരീരത്തെയും അയ്യങ്കാളി എത്ര വിപ്ലവകരമായിട്ടാണ് ഉപയോഗപ്പെടുത്തിയതെന്ന് കാണാം.
വെങ്ങാനൂർ തീർത്ഥാടന കേന്ദ്രമാകുന്നതോടെ വിസ്മരിക്കപ്പെട്ട അയ്യങ്കാളിയുടെ പ്രവർത്തനങ്ങളെ ചരിത്രവത്കരിക്കാൻ കൂടുതൽ ശ്രമങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
( ലേഖകന്റെ ഫോൺ : 9447142134 )