chanchal

കൊൽക്കത്ത: മാജിക്ക് അവതരിപ്പിക്കുന്നതിനിടെ ഹൂഗ്ലി നദിയിൽ മുങ്ങിയ മജിഷ്യനെ കാണാതായി. മാൻഡ്രേക്ക് എന്നറിയപ്പെടുന്ന സോനാർപുർ സ്വദേശി ചഞ്ചൽ ലാഹിരിയെയാണ് (40)​ കാണാതായത്. കൈകാലുകൾ ബന്ധിച്ച് കൂട്ടിലടച്ച് വെള്ളത്തിൽ താഴ്ത്തി,​ വെള്ളത്തിനടിയിൽനിന്ന് സ്വയം രക്ഷപ്പെടുന്ന മാജിക്കിനായാണ് ചഞ്ചൽ നദിയിലേക്ക് ചാടിയത്. എന്നാൽ,​ ഏറെനേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനാൽ,​ മരണം സംഭവിച്ചിട്ടുണ്ടാകുമെന്നാണ് സൂചന. പൊലീസും ദുരന്തനിവാരണ സേനയും തെരച്ചിൽ തുടരുകയാണ്. 100 വർഷം മുമ്പ് ഹാരി ഹൗഡിനി ലോകത്തിന് പരിചയപ്പെടുത്തിയ മാജിക്കാണിത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.35ന് ഹൗറ പാലത്തിനടുത്ത് മില്ലേനിയം പാർക്കിന് സമീപത്തുവച്ച് ആൾക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു മാജിക്ക്. കാലുകൾ കെട്ടി,​ വായ മൂടിയ ശേഷം ക്രെയിൻ വഴി നദിയിലേക്ക് ഇട്ടെന്നും അതല്ല,​ ചഞ്ചൽ പാലത്തിൽനിന്നു നേരെ നദിയിലേക്കു ചാടുകയായിരുന്നെന്നും പറയപ്പെടുന്നുണ്ട്.

വെള്ളത്തിനടിയിലെ സാഹസിക മാജിക്കിനായി ചഞ്ചൽ നേരത്തേ അനുവാദം വാങ്ങിയിരുന്നെങ്കിലും ആവശ്യമായ സുരക്ഷാനിർ‌ദ്ദേശങ്ങൾ ഇയാൾ പാലിച്ചിരുന്നില്ലെന്നാണ് വിവരം.

ബോട്ടിലോ കപ്പലിലോ മാജിക് നടത്തുമെന്നു പറഞ്ഞാണ് ഇയാൾ കൊൽക്കത്ത പൊലീസിന്റെയും കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെയും അനുമതി തേടിയത്. എന്നാൽ, നിയന്ത്രണങ്ങൾ അവഗണിച്ച് അതിസാഹസികമായാണു ചഞ്ചൽ മാജിക് അവതരിപ്പിച്ചതെന്നു പോർട്ട് ട്രസ്റ്റ് ആരോപിച്ചു. അതേസമയം,​ ആദ്യമായല്ല,​ ഇയാൾ ഇത്തരത്തിലുള്ള മാജിക്ക് അവതരിപ്പിക്കുന്നത്. 2013ൽ ഇതേ മാജിക് നടത്തിയപ്പോൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ലോകമെമ്പാടും 2500ലേറെ മാജിക് ഷോ നടത്തിയിട്ടുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്.

 അനുകരിക്കാൻ ശ്രമിച്ചത് ഹൗഡിനിയെ

പ്രശസ്തനായ ഒരു ഹംഗേറിയൻ ജാലവിദ്യക്കാരനും നടനുമായിരുന്നു ഹാരി ഹൗഡിനി. യൂറോപ്പിൽ വച്ച് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരോട് തന്നെ വിലങ്ങണിയിച്ച് ബന്ധനസ്ഥനക്കാൻ വെല്ലുവിളിക്കുകയും അതിൽ നിന്നു രക്ഷപ്പെട്ടു കാണിക്കുകയും ചെയ്തു. അതോടെ അദ്ദേഹം ഹാരി ഹാൻഡ്കഫ് ഹൗഡിനി എന്ന പേരിൽ പ്രശസ്തനായി. തുടർന്ന് ചങ്ങലകൾ, കെട്ടിടങ്ങളുടെ മുകളിൽ നിന്നു തൂക്കിയിട്ട കയറുകൾ മുതലായവ കൊണ്ട് ബന്ധനസ്ഥനായതിനു ശേഷം രക്ഷപ്പെടുക, ബന്ധനസ്ഥനായതിനു ശേഷം വെള്ളത്തിനടിയിൽ നിന്നു രക്ഷപ്പെടുക, വായു കടക്കാത്ത പാൽപാത്രത്തിനകത്തു നിന്നു രക്ഷപ്പെടുക എന്നിങ്ങനെ വിവിധയിനം വിദ്യകൾ ഹൗഡിനി തന്റെ പ്രകടനത്തിൽ ഉൾപ്പെടുത്തി.