''എന്നാലും ഈ നടന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിപ്പോയി..."
പ്രജീഷ് താടിക്കു കൈ കൊടുത്ത് കസേരയിൽ ഇരുന്നു.
''കിടാവ് സാറ്, ആ സി.ഐയോടു പറഞ്ഞത് നേരുതന്നെയാ. ഈ കോവിലകത്തു വരുന്നവരോട് പകയുള്ള രണ്ടുപേരെ ഈ നാട്ടിലുള്ളൂ. അത് അനന്തഭദ്രനും ബലഭദ്രനും തന്നെ."
ചന്ദ്രകലയ്ക്കും ഇപ്പോൾ ആ കാര്യത്തിൽ സംശയമില്ല:
''പണ്ടേ എന്നോട് പകയാണല്ലോ രണ്ടാൾക്കും? അപ്പോൾ എന്നോട് സഹകരിക്കുന്നവരോടും പകയുണ്ടാകുക സ്വാഭാവികം."
ശ്രീനിവാസ കിടാവ് തല കുലുക്കി.
''അവന്മാരെ കല്ലിൽ വച്ച് അരച്ചിട്ടായാലും ഋഷികേശ് സത്യം പറയിക്കും. പക്ഷേ എന്റെ കാറിനെക്കുറിച്ച് ഓർക്കുമ്പോൾ... കഴിഞ്ഞ പത്തുവർഷമായി എന്റെ ശരീരത്തിലെ ഒരു അവയവം പോലെയായിരുന്നു ഈ കാർ."
നോക്കരുതെന്ന് കരുതിയിട്ടും അയാളുടെ കണ്ണുകൾ വീണ്ടും കത്തിക്കരിഞ്ഞ കാറിൽ ചെന്നുമുട്ടി.
ഒരു പ്രേത രൂപം പോലെ..!
ഇപ്പോഴും അതിൽ എവിടെ നിന്നൊക്കെയോ നൂലുപോലെ പുക ഉയരുന്നുണ്ട്...
ആ നേരം സി.ഐ ഋഷികേശും സംഘവും കരുളായിയിൽ എത്തിയിരുന്നു.
അനന്തഭദ്രനും ബലഭദ്രനും താമസിക്കുന്ന ബംഗ്ളാവിന്റെ ഗേറ്റ് അടഞ്ഞുകിടക്കുന്നു.
അതിനു മുന്നിൽ ബൊലേറോ നിന്നു.
ഋഷികേശും പോലീസ് സംഘവുമിറങ്ങി ഗേറ്റിന്റെ വിക്കറ്റ് ഡോർ തുറന്ന് അകത്ത് പ്രവേശിച്ചു.
പൂമുഖത്തെ വെളിച്ചത്തിൽ, ചാരുകസേരകളിൽ കിടക്കുന്ന തമ്പുരാക്കന്മാരെ ഋഷികേശ് കണ്ടു.
''സ്കൗണ്ട്റൽസ്. ഒന്നും അറിയാത്തതുപോലെ കിടക്കുകയാ."
സി.ഐയുടെ കടപ്പല്ലുകൾ ഞെരിഞ്ഞു. അയാൾ തിരിഞ്ഞ് പുതിയ എസ്.ഐ കാർത്തിക്കിനെ നോക്കി.
''അവന്മാർ എത്ര മസിലു പിടിച്ചാലും നമ്മൾ കൊണ്ടുപോയിരിക്കണം."
''സാർ." കാർത്തിക് തലയാട്ടി.
ഗേറ്റുകടന്ന് ആരൊക്കെയോ വരുന്നത് അനന്തഭദ്രനും ബലഭദ്രനും കണ്ടിരുന്നു.
ഇരുവരും നിവർന്നിരുന്നു.
പോലീസ് സംഘം പൂമുഖത്തിന് തൊട്ടരുകിലെത്തി.
''ങാഹ.. സാറന്മാരായിരുന്നോ?"ബലഭദ്രൻ എഴുന്നേറ്റു. ''എന്താ വിശേഷിച്ച്? അതും ഈ രാത്രിയിൽ?"
ഋഷികേശ് അയാളെ സൂക്ഷിച്ചുനോക്കി.
''തമ്പുരാക്കന്മാരെക്കുറിച്ച് സ്ഥലം എം.എൽ.എ ഒരു പരാതി തന്നാൽ അന്വേഷിക്കാതിരിക്കാൻ പറ്റുമോ?"
അയാളുടെ ശബ്ദത്തിലെ പരിഹാസം ഇരുവരും തിരിച്ചറിഞ്ഞു.
''ഓഹോ. അപ്പോൾ പരാതിക്കാരൻ കിടാവാണ്. ആട്ടെ. എന്താണാവോ പരാതി?" ചോദിച്ചത് അനന്തഭദ്രനാണ്. ഒപ്പം അയാളും കസേരയിൽ നിന്ന് എഴുന്നേറ്റു.
''നിങ്ങൾ അദ്ദേഹത്തിന്റെ കാർ കത്തിക്കുകയോ കത്തിപ്പിക്കുകയോ ചെയ്തെന്ന്."
അനന്തഭദ്രന്റെയും ബലഭദ്രന്റെയും കണ്ണുകൾ ഒന്നു കുറുകി.
പെട്ടെന്ന് ബലഭദ്രൻ പൊട്ടിച്ചിരിച്ചു.
''ഓ. ഞങ്ങളതു മറന്നു.
വൈകിട്ട് കുളിക്കാൻ ചൂടുവെള്ളം വേണമായിരുന്നു. വീട്ടുകാരികളോട് പറഞ്ഞപ്പഴാ അറിയുന്നത് വാട്ടർ ഹീറ്റർ കേടാണെന്ന്. വിറകും ഉണങ്ങിയത് ഇരിപ്പില്ല. ഇനി ഗ്യാസ് ഉപയോഗിക്കാമെന്നു കരുതിയാൽ എന്താ അതിന്റെ വില? എങ്കിൽ വിലകുറഞ്ഞ ഒരു സാധനം കത്തിച്ച് വെള്ളം ചൂടാക്കാമെന്നു വച്ചു. അങ്ങനെയാ കിടാവിന്റെ കാറ് കത്തിച്ച് അടുപ്പിൽ വച്ചത്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഒരു ശീലമായിപ്പോയതുകൊണ്ടാ.
അതൊരു തെറ്റാണോ സാറേ?"
ഋഷികേശിന്റെ മുഖത്തേക്ക് ചോര ഇരച്ചുകയറി.
''നിങ്ങളെന്താ മനുഷ്യരെ പരിഹസിക്കുകയാണോ?"
അയാളുടെ സ്വരം മാറി.
''ഇങ്ങോട്ടു കിട്ടുന്നതു പോലെയോ അല്ലെങ്കിൽ അതിൽ കൂടുതലോ തിരിച്ചുകൊടുക്കുന്നത് ഞങ്ങളുടെ രീതിയാ. അത് പണമാണെങ്കിലും വാക്കുകളാണെങ്കിലും അടിയാണെങ്കിലും." ബലഭദ്രനു യാതൊരു കുലുക്കവുമില്ല."
''ബലഭദ്രാ." പൊടുന്നനെ അനന്തഭദ്രൻ താക്കീതു പോലെ വിളിച്ചു.
അതോടെ ബലഭദ്രൻ നിർത്തി. അനന്തഭദ്രൻ സി.ഐയ്ക്കു നേരെ തിരിഞ്ഞു.
''കിടാവു തന്ന പരാതിയുടെ ഒരു കോപ്പി കാണിച്ചേ സാറേ... കാര്യങ്ങൾ വിശദമായിട്ട് അറിയാനാ."
ഋഷികേശ് ഒന്നു പരുങ്ങി.
എങ്കിലും വേഗം പറഞ്ഞു.
''അത് സ്റ്റേഷനിലിരിക്കുകയാ."
''ആ വേല മനസ്സിലിരിക്കട്ടെ സാറേ.. പരാതിയൊക്കെ പിന്നീട് സൗകര്യം പോലെ എഴുതിവാങ്ങാനാണ് പരിപാടിയെന്ന് മനസ്സിലായി. പക്ഷേ ആ പരിപ്പ് ഇവിടെ വേകത്തില്ല. വല്ല ഉത്സവപ്പറമ്പിലും 'കിലുക്കിക്കുത്ത്' നടത്തുന്ന പാവങ്ങളോട് പറഞ്ഞാൽ മതി. ഒരാളെക്കുറിച്ച് ഒരു പരാതി കിട്ടിയാൽ വ്യക്തവും ശുദ്ധവുമായ രൂപത്തിൽ അത് പ്രതിയെ ബോധിപ്പിക്കാനുള്ള ചുമതലയും പോലീസിനുണ്ട്."
ഋഷികേശ് അടവു മാറ്റി.
''വാക്കാലുള്ള പരാതിയാണെങ്കിൽ പോലും അത് സത്യമാണോ എന്ന് തിരക്കാൻ പോലീസിനു ബാദ്ധ്യതയുണ്ട്."
''എങ്കിൽ നിങ്ങൾ തിരക്കണം." അനന്തഭദ്രന്റെയും ഭാവം മാറിത്തുടങ്ങി. ''എന്നിട്ട് നിങ്ങള് വാ."
''തിരക്കാതെ തന്നെ തമ്പുരാക്കന്മാരെ സ്വീകരിച്ച് ആനയിക്കാനാ എന്റെ തീരുമാനം. അത് നടപ്പാകുമോ എന്നു നോക്കട്ടെ."
പറഞ്ഞതും ഋഷികേശ് പൂമുഖത്തേക്കു കയറി...
(തുടരും)