ന്യൂഡൽഹി : ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്താനായി കേന്ദ്രസർക്കാർ പുതുവഴികൾ തേടുന്നു. ഇതിന്റെ ഭാഗമായി, സമ്പദ്‌സ്ഥിതി ഭദ്രമല്ലാത്ത പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി പങ്കാളിത്തം കുറയ്ക്കാനാണ് നീക്കം. ബാങ്കിംഗ് ഓഹരി വില്‌പന സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടക്കുകയാണെന്നും സർക്കാരിനുള്ളിൽ സമവായമായാൽ, ജൂലായ് അഞ്ചിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നും ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ഗ്രാമീണ ക്ഷേമപദ്ധതികൾക്ക് വേണ്ടത്ര പണമില്ലാത്തത് ഒന്നാം മോദി സർക്കാരിനും പ്രതിസന്ധിയായിരുന്നു. ഗ്രാമീണ സമ്പദ്‌സ്ഥിതി മെച്ചപ്പെടാത്തതിന്റെ ചുവടുപിടിച്ച്, ആഭ്യന്തര ഉപഭോഗം കുറയുകയും ജി.ഡി.പി വളർച്ച ഇടിയുകയും ചെയ്‌തിരുന്നു. ഈ സ്ഥിതി ഒഴിവാക്കുക കൂടിയാണ് പുതുവഴികളിലൂടെ പണം കണ്ടെത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമീണ പാർപ്പിട പദ്ധതികൾക്ക് പണം ഉറപ്പാക്കുകയാണ് ബാങ്കിംഗ് ഓഹരി വിറ്റഴിക്കലിലൂടെ പ്രാഥമികമായി ലക്ഷ്യമിടുന്നത്.
അതേസമയം, നിലവിലെ ചട്ടപ്രകാരം പൊതുമേഖലാ ബാങ്കുകളുടെ നിയന്ത്രണാധികാരം (മേജർ ഓഹരി പങ്കാളിത്തം) സർക്കാരിന് ഒഴിവാക്കാനാവില്ല. നിയമഭേദഗതി വരുത്തി, കൂടുതൽ ഓഹരികൾ വിറ്റഴിച്ച്, ഓഹരിയിൽ ചെറിയ പങ്കാളിത്തം മാത്രം തുടരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
പൊതുമേഖലാ ഓഹരി
വില്‌പന: ലക്ഷ്യം കൂട്ടിയേക്കില്ല
നടപ്പു സാമ്പത്തിക വർഷം (2019-20) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‌പനയിലൂടെ 90,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബഡ്‌ജറ്രിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ജൂലായ് അഞ്ചിലെ ബഡ്‌ജറ്രിലും ഇതേലക്ഷ്യം നിലനിറുത്തുമെന്നാണ് സൂചന.
2017-18ൽ 72,500 കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും ഒരുലക്ഷം കോടി രൂപ സർക്കാർ സമാഹരിച്ചു. കഴിഞ്ഞവർഷം 85,000 കോടി രൂപയും ലഭിച്ചു. ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടത് 80,000 കോടി രൂപയായിരുന്നു.