കോട്ടയം: കേരളാ കോൺഗ്രസ് ചെയർമാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത്, എന്നീ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി കോടതി സ്റ്റേ ചെയ്തത്.
ചെയർമാൻ എന്ന നാമം സ്വീകരിക്കുന്നതിലും ചെയർമാന്റെ ഓഫീസ് ഉപയോഗിക്കുന്നതിലുമാണ് ജോസ് കെ മാണിക്ക് കോടതിയുടെ വിലക്ക്. പാർട്ടി ചെയർമാൻ എന്ന പേര് വച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കാൻ പാടില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.
സംഭവത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ട് മുൻപോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തു എന്ന കാര്യം ഇന്ന് രാവിലെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുള്ളതായും ജോസ് കെ മാണി പറഞ്ഞു. ഈ കാര്യവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ വച്ച് ജോസ് കെ മാണിയെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്.