sini

മാനന്തവാടി: തവിഞ്ഞാൽ വാളാട്ട് തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വീട്ടിൽ വെട്ടേറ്റു മരിച്ചു. പ്രശാന്തിഗിരി മടത്താശേരി ബൈജുവിന്റെ ഭാര്യ സിനിയാണ് (32) ഇന്നലെ രാവിലെ പത്തരയോടെ കൊല്ലപ്പെട്ടത്. ഭർത്താവ് ബൈജുവിന്റെ മാതൃസഹോദരൻ നെടുമല ദേവസ്യയാണ് (50) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന് അര മണിക്കൂറിനുള്ളിൽ ഇയാൾ കസ്റ്റഡിയിലായി.

അതിർത്തി തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പലയിടങ്ങളിലായി വാടക വീട്ടിൽ കഴിയുകയായിരുന്ന ബൈജുവും കുടുംബവും രണ്ടു വർഷം മുമ്പാണ് ദേവസ്യയുടെ വീടിനടുത്ത് അരയേക്കർ സ്ഥലത്ത് ഷെഡ് വച്ചു താമസമാക്കിയത്.

ദേവസ്യയും സിനിയുമടക്കം 19 പേർ ഇന്നലെ തൊഴിലുറപ്പ് പദ്ധതിയിൽ തോടിന്റെ ജോലി ചെയ്തുകയായിരുന്നു. പ്രഭാത ഭക്ഷണത്തിന് വീടുകളിലേക്ക് പോയ ഇരുവരെയും ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് മറ്റ് തൊഴിലാളികൾ അന്വേഷിച്ചു ചെന്നപ്പോഴാണ് സിനിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ പൊലീസിൽ വിവരമറിയിച്ചു. ഇതിന് 100 മീറ്റർ അടുത്തുള്ള വീട്ടിൽ ഒളിച്ചിരുന്ന ദേവസ്യയെ തലപ്പുഴ എസ്.ഐ ജിമ്മിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്

അതിർത്തി തർക്കത്തെ തുടർന്ന് മുമ്പ് പലപ്പോഴും ഇരു കുടുംബങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ടെന്ന് പൊലീസി പറഞ്ഞു. സിനിയുടെ മൃതദേഹത്തിനരികെ ഭക്ഷണം ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഭർത്താവ് ബൈജു വെൺമണിയിൽ വീടു പണിക്കും ആറാം ക്ലാസ് വിദ്യാർത്ഥിയായ മൂത്ത മകൻ അലനും ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ അലോണയും സ്‌കൂളിലും പോയതിനാൽ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

സിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കാപ്ഷൻ

വെട്ടേറ്റ് മരിച്ച സിനി