കൊൽക്കത്ത: പശ്ചിമബംഗാളിൽ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടർമാരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി മമത ബാനർജി അംഗീകരിച്ചതിനെ തുടർന്നാണിത്. ഏഴ് ദിവസമായി ബംഗാളിൽ ഡോക്ടർമാർ സമരത്തിലായിരുന്നു. തുടർന്ന് ഇന്നാണ് മുഖ്യമന്ത്രി മമത ബാനർജി സമരക്കാരുമായി ചർച്ചയ്ക്കൊരുങ്ങിയത്. മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ഡോക്ടർമാരുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാവുകയായിരുന്നു.
നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ കാലിഘട്ടിലെ തന്റെ ഒൗദ്യോഗിക വസതിയിലേക്ക് ഒരു കത്തയച്ചാൽ മതിയെന്നും വീട്ടിൽ ഓഫീസ് പ്രവർത്തിക്കുന്നതിനാൽ കാര്യങ്ങൾ അവിടെവച്ച് പരിശോധിക്കാൻ സാധിക്കുമെന്നും മമത ബാനർജി ഡോക്ടർമാരോട് പറഞ്ഞു. എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ സുരക്ഷക്കായി ഒരു നോഡൽ ഓഫീസർമാരെ നിയോഗിക്കാൻ പൊലീസിനോട് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മമത ബാനർജി വ്യക്തമാക്കി. സെക്രട്ടേറിയറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ 31 ജൂനിയർ ഡോക്ടർമാർ, ആരോഗ്യ സെക്രട്ടറി, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ച മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിലായിരിക്കണമെന്ന് ഡോക്ടർമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ട് പ്രദേശിക ചാനൽ മാത്രമേ യോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളു. സമരം ചെയ്ത ഡോക്ടർമാർക്കെതിരെ സംസ്ഥാന സർക്കാർ യാതൊരുവിധത്തിലുള്ള കേസ് നടപടികളും സ്വീകരിക്കില്ലെന്ന് മമത ബാനർജി ഉറപ്പ് നൽകി. അതേസമയം, എൻ.ആർ.എസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ കൈയേറ്റം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെട്ടു.എൻ.ആർ.എസ് ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ ജൂനിയർ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം ആരംഭിച്ചത്. കേന്ദ്രവും വിഷയത്തിൽ ഇടപെട്ടതോടെയാണ് മമത നിലപാടിൽ അയവ് വരുത്താൻ തയ്യാറായത്.
ഇതിനിടെ പശ്ചിമബംഗാളിൽ സമരംചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണയേകി രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി കേരളത്തിൽ ഐ.എം.എയുടെയും കെ.ജി.എം.ഒ.എയുടെയും നേതൃത്വത്തിൽ ഇന്ന് സൂചന പണിമുടക്ക് നടന്നു.