pulwama
PULWAMA

ശ്രീനഗർ: പുൽവാമ മാതൃകയിൽ വീണ്ടും ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന പാക് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാശ്‌മീരിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനിടെ ഇന്നലെ പുൽവാമയിലെ അരിഹൽ ഗ്രാമത്തിൽ സൈനിക വാഹന വ്യൂഹത്തിനു നേരെ ബോംബ് ആക്രമണമുണ്ടായി. അഞ്ചു ജവാന്മാർക്ക് പരിക്കേറ്റു. ബോംബ് സ്ഫോടനത്തിൽ സൈനിക വാഹനം തകർന്നു. അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റമുട്ടലിൽ സൈനിക മേജർ വീരമൃത്യു വരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ വൈകിട്ട് അരിഹൽ- ലാസിപ്പോറ റോഡിലാണ് ആക്രമണമുണ്ടായത്. മേഖലയിൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

അനന്ത്നാഗിലെ അച്ഛബൽ മേഖലയിൽ മേജർ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിൽ പരിക്കേറ്റ മൂന്നു പേരിൽ മറ്റൊരു മേജറുമുണ്ട്. വെടിവയ്പിനിടെ രണ്ടു ഭീകരരെ സൈന്യം വധിച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സി.ആർ.പി.എഫ് ജവാന്മാരും ഒരു പൊലീസ് ഇൻസ്പെക്ടറും മരണമടഞ്ഞിരുന്നു.

മുന്നറിയിപ്പ്

പുൽവാമയിൽ ഭീകരർ കാർ ബോംബ് ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ശനിയാഴ്‌ചയാണ് പാകിസ്ഥാൻ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പു നൽകിയത്. അൽക്വ ഇദ ബന്ധമുള്ള ഭീകരൻ സാകിർ മൂസയെ കഴിഞ്ഞ മാസം ഏറ്റുമുട്ടലിനിടെ ഇന്ത്യൻ സേന വധിച്ചതിനു പ്രതികാരമായാണ് പുൽവാമയിൽ വീണ്ടും ആക്രമണത്തിന് ഭീകരപദ്ധതി എന്നായിരുന്നു പാക് മുന്നറിയിപ്പ്.

കഴിഞ്ഞ ഫെബ്രുവരി 14 ന് 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് 27 കിലോമീറ്റർ ദൂരത്താണ് ഇന്നലത്തെ ആക്രമണം.