balabhaskar

കൊച്ചി: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിൽ റിമാൻഡിലുള്ള സുനിൽകുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ബാലഭാസ്കറുമായി വലിയ അടുപ്പമില്ലെന്നാണ് സുനിൽകുമാർ ക്രൈംബാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നത്. പ്രകാശ് തമ്പി വഴിയാണ് ബാലഭാസ്ക്കറിനെ പരിചയപ്പെട്ടതെന്നും മൊഴിയിലുണ്ട്.

ബാലഭാസ്ക്കറിന്റെ പഴയ കാർ വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രകാശ് സുനിൽകുമാറിനെ പരിചയപ്പെടുത്തിയത്. പ്രകാശും വിഷ്ണവും പറഞ്ഞിട്ടാണ് നവംബർ മാസത്തിൽ ദുബായിൽ പോയതെന്നും സുനിൽകുമാർ പറയുന്നു. സ്വർണക്കടത്ത് കേസിൽ റിമാൻഡിലുള്ള സുനിൽ കുമാറിനെ ബാലഭാസ്ക്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്.

അതേസമയം ബാലഭാസ്ക്കറിന്റെ മുൻ ഫിനാൻസ് മാനേജർ വിഷ്ണു സോമസുന്ദരം സ്വർണക്കടത്ത് കേസിൽ എറണാകുളം ഡി.ആർ.ഐ ഓഫീസിൽ കീഴടങ്ങിയിരുന്നു. രാവിലെ പത്തരയോടെയാണ് വിഷ്ണു സോമസുന്ദരം എറണാകുളം ഡി.ആർ.ഐ ഓഫീസിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാൻ നിർദ്ദേശിച്ചിരുന്നു.വിഷ്ണു സോമസുന്ദരം സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയാണെന്ന് ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. മറ്റ് പ്രതികളായ അഡ്വ എം.ബിജു, പ്രകാശ് തമ്പി, സുനിൽ കുമാർ എന്നിവർക്കൊപ്പം ദുബായിലടക്കം സ്വർണക്കടത്തിന്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയത് വിഷ്ണുവാണെന്നാണ് ഡി.ആർ.ഐയുടെ നിഗമനം.