കൊൽക്കത്ത: പശ്ചിമബംഗാളിൽ സമരത്തിലായിരുന്ന ഡോക്ടർമാരുടെ സംഘടനകളുമായി നടത്തിയ ചർച്ച വിജയമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ഇതേത്തുടർന്ന് രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ഡോക്ടർമാർ മുന്നോട്ടു വച്ച ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്. ഇന്നലെ വൈകിട്ട് മൂന്നിന് കൊൽക്കത്തയിലെ നബാന്നയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ഡോക്ടർമാരുടെ 24 പ്രതിനിധികളുമായി മമത ചർച്ച നടത്തിയത്. രണ്ട് വാർത്താ ചാനലുകളിൽ ചർച്ച തത്സമയം റിപ്പോർട്ടു ചെയ്തിരുന്നു. മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ ചർച്ച വേണമെന്ന് ഡോക്ടർമാരുടെ സംഘടന നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ മമത ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ, ഇതിനെതിരെ ഡോക്ടർമാരും കർശന നിലപാടെടുത്തതോടെ, മമത സമ്മർദത്തിന് വഴങ്ങുകയായിരുന്നു.
ആശുപത്രികളിൽ ഡോക്ടർമാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ പത്തിന സുരക്ഷാ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുമെന്ന് മമതാ ബാനർജി ഉറപ്പ് നൽകി. എല്ലാ മെഡിക്കൽ കോളേജുകളിലും സുരക്ഷയ്ക്ക് വേണ്ടി പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും ആശുപത്രിയിലേക്ക് വരുന്ന രോഗികളെയും കൂടെവരുന്നവരെയും നിരീക്ഷിക്കാൻ ഇവരെ ചുമതലപ്പെടുത്തുമെന്നും
എല്ലാ ആശുപത്രികളിലും പ്രശ്‌ന പരിഹാര സെൽ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.
കൊൽക്കത്തയിലെ സർക്കാരാശുപത്രിയിൽ 85കാരനായ രോഗി മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ രണ്ട് ജൂനിയർ ഡോക്ടർമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജൂനിയർ ഡോക്ടർമാരുടെ സംഘടന സമരം ആരംഭിച്ചത്. പിന്നീട് ഇത് രാജ്യത്താകമാനം വ്യാപിക്കുകയായിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘടന ഇന്നലെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു. കേരളത്തിലും രാവിലെ പത്തുവരെ ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഡോക്ടർമാരുമായുള്ള ചർച്ചയ്ക്ക് മമത തയ്യാറായത്.
ഡോക്ടർമാർക്ക് പിന്നാലെ അദ്ധ്യാപകരും
കൊൽക്കത്ത: പശ്ചിമബംഗാളിൽ ഡോക്ടർമാർക്ക് പിന്നാലെ അദ്ധ്യാപകരും പ്രക്ഷോഭത്തിലേക്കെന്ന് റിപ്പോർട്ട്. ശമ്പളവർധനയടക്കമുള്ള ആവശ്യങ്ങളുയർത്തിയാണ് അദ്ധ്യാപകരുടെ സമരം. അദ്ധ്യാപകരുടെ പ്രകടനത്തിനിടെ സംഘർഷമുണ്ടായതായാണ് വിവരം. '' ഞങ്ങളുടെ ഡോക്ടർമാരെ ഓർത്ത് അഭിമാനമാണ്. നിങ്ങൾ ദേഷ്യത്തിലാണെങ്കിലും ദയവായി ജോലിയിൽ തിരികെ കയറൂ. സമരം അവസനാപ്പിച്ചുവെന്ന് പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്. "- മമത