ശ്രീനഗർ: പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ വീണ്ടും ആക്രമണം. പുൽവാമയിലെ അരിഹലിൽ 44 രാഷ്ട്രീയ റൈഫിൾസിന്റെ വാഹനത്തിന് നേരെ ഐ.ഇ.ഡി ആക്രമണമാണ് നടന്നത്. ആക്രമണത്തിൽ എട്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. സ്ഥലത്ത് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സൈനികരുടെ വാഹനത്തിന് നേരെ ഐ.ഇ.ഡിയുമായി വന്ന വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സൈനികർക്കാണ് പരിക്കേറ്റത്. സൈനിക വാഹനം തകർന്നെന്നാണ് റിപ്പോർട്ട്.
മണിക്കൂറുകൾക്ക് മുമ്പ് കാശ്മീരിലെ അനന്ദ്നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. ഈ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ഒരു മേജർ വിരമൃത്യു വരിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ശ്രീനഗറിലെ 92 ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുൽവാമ മോഡൽ ഭീകരാക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാനും അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കാശ്മീരിലെ ത്രാൽ മേഖലയിൽ കഴിഞ്ഞ മാസം അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘം അൻസാർ ഘസ്വാതുൽ ഹിന്ദ് തലവൻ സാകിർ മൂസയെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പകരം വീട്ടാനാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ചർച്ചക്കില്ലെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായിരിക്കുന്നത്.
Jammu & Kashmir: An IED blast took place while a security forces' vehicle was moving in Arihal, Pulwama. Police at the spot ascertaining the facts. More details awaited. pic.twitter.com/GgKkSaym9u
— ANI (@ANI) June 17, 2019