കൊച്ചി: സമ്മർദ്ദം കടുത്ത ഭാവത്തിൽ കണ്ണോടുകണ്ണ് അവർ നോക്കിയിരുന്നു. ഒന്നും ഉരിയാടിയില്ല. കാരണവരുടെ റോളിൽ എല്ലാം നോക്കിയിരുന്ന സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ തീരുമാനം അറിയിച്ചു. ഇരുവരും സ്ഥലംമാറ്റം ലഭിച്ച സ്ഥലത്ത് ഉടൻ ജോലിയിൽ പ്രവേശിക്കുക. നിമിഷങ്ങൾക്കകം കൊച്ചി കമ്മിഷണറേറ്റ് വിട്ടിറങ്ങിയ അസി. കമ്മിഷണർ പി.എസ്. സുരേഷും സി.ഐ വി.എസ്. നവാസും കൈപിടിച്ച് അടുത്ത ദൗത്യത്തിലേക്ക് നീങ്ങി.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മട്ടാഞ്ചേരി അസി. കമ്മിഷണറായി പി.എസ്. സുരേഷും അഞ്ചരയോടെ ഇതേ ഓഫീസ് അങ്കണത്തിലുള്ള സി.ഐ ഓഫീസിൽ നവാസും ചുമതലയേറ്റു. എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ ഇരുവരും തമ്മിലുള്ള പടലപ്പിണക്കം പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തുന്നതിന് മുമ്പ് ഇരുവർക്കും മട്ടാഞ്ചേരിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു.
എല്ലാ ദിവസവും രാത്രി ഒമ്പതുമണിക്ക് വയർലെസ് സെറ്റ് വഴി ആ ദിവസത്തെ വിശദവിവരങ്ങൾ അറിയാൻ അസി. കമ്മിഷണർമാർ കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെടും. നവാസ് സെറ്റ് അറ്റൻഡ് ചെയ്‌തില്ല. ഇതോടെ നവാസ് അവധിയിലാണെന്ന് അസി. കമ്മിഷണർ രേഖപ്പെടുത്തി. പിന്നീട് ഇരുവരും വയർലെസ് സെറ്റിൽ വരികയും സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുകയും ചെയ്‌തു. പിറ്റേദിവസം നവാസ് ഒരു യാത്ര പോകുന്നുവെന്ന് പറഞ്ഞ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത് വീടുവിട്ടിറങ്ങുകയായിരുന്നു. ഭർത്താവിന് അസി. കമ്മിഷണറിൽ നിന്ന് മാനസിക പീഡനവും കള്ളക്കേസെടുക്കാൻ സമ്മർദ്ദവുമുണ്ടായതായി ഭാര്യ ആരിഫ വെളിപ്പെടുത്തിയിരുന്നു.
നവാസ് നാടുവിടാനുള്ള സാഹചര്യവും ഭാര്യയുടെ വെളിപ്പെടുത്തലിനെക്കുറിച്ചും കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പൂങ്കുഴലി അന്വേഷിക്കുകയാണ്. പി.എസ്. സുരേഷ്, നവാസ് എന്നിവരിൽ നിന്ന് മൊഴിയെടുത്തു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുതല നടപടി സ്വീകരിക്കുക. സേനയിലും പൊതുജനങ്ങളിൽ നിന്നും നവാസിന് വ്യാപകമായി പിന്തുണ ലഭിച്ചിരുന്നു. എന്നാൽ മേലുദ്യോഗസ്ഥരോട് പറയാതെ ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്നത് സർവീസ് ചട്ടലംഘനമാണ്.
ഞങ്ങൾ സുഹൃത്തുക്കൾ
നവാസും താനും വർഷങ്ങളായി സുഹൃത്തുക്കളാണ്. തമ്മിൽ ഒരു പ്രശ്‌നവുമില്ല.
- പി.എസ്. സുരേഷ്, അസി. കമ്മിഷണർ