1. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ ചര്‍ച്ച വിജയം. ദേശീയ വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരത്തില്‍ സമവായമായത്, ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച മിക്ക ആവശ്യങ്ങളും മമത അംഗീകരിച്ചതോടെ. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് തടയിടാന്‍ 10 സുരക്ഷാ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കും എന്ന് മമതയുടെ ഉറപ്പ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും സുരക്ഷയ്ക്ക് പൊലീസ് ഓഫീസറെ നിയമിക്കും. പ്രശ്ന പരിഹാരത്തിന് പരിഹാര സെല്ലും രൂപീകരിക്കും.
2. നേരത്തെ ചര്‍ച്ചയില്‍ മാദ്ധ്യമങ്ങളെ അനുവദിക്കാന്‍ മമത തയ്യാറായിരുന്നില്ല. ഇതിന് എതിരെ ഡോക്ടര്‍മാരും കര്‍ശന നിലപാട് എടുത്തിരുന്നു. പിന്നീട് രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് ചര്‍ച്ച തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്, കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന്. ഒരാഴ്ച ആയി പശ്ചിമ ബംഗാളില്‍ തുടരുന്ന സമരം പരിഹരിക്കാത്തതില്‍ ആിരുന്നു രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്.
3. ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കെ.സുധാകരന്‍, കെ.മുരളീധരന്‍ എന്നിവര്‍ ഇതിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇതിന് ശേഷം ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞ. സഭയിലെ എല്ലാ അംഗങ്ങളെയും അഭിവാദ്യം ചെയ്തായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ
4. കേരളത്തില്‍ നിന്നുള്ള എം.കെ രാഘവന്‍, വി.കെ ശ്രീകണ്ഠന്‍, എ.എം ആരിഫ് എന്നിവര്‍ മലയാളത്തിലും രമ്യ ഹരിദാസ് ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് ഇന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്നുള്ള സീനിയര്‍ എം.പിയായ കൊടിക്കുന്നില്‍ സുരരേഷിന്റെ സത്യപ്രതിജ്ഞ. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് കൊടിക്കുന്നില്‍ സുരേഷിനെ സോണിയ ഗാന്ധി വിമര്‍ശിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള എം പിയുടെ ഹിന്ദിയിലെ സത്യപ്രതിജ്ഞയെന്നത് ശ്രദ്ധേയമാണ്.
5 ലളിതകലാ അക്കാദമിയുടെ വിവാദ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ നിലപാട് കടുപ്പിച്ച് അക്കാദമി. അവാര്‍ഡ് പുനപരിശോധിക്കണം എന്ന സര്‍ക്കാര്‍ ആവശ്യം അക്കാദമി തള്ളി. ജൂറി തീരുമാനം അന്തിമം ആണെന്നും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്നും അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്. അക്കാദമിയുടെ ഭരണസമിതി യോഗത്തിലാണ് തീരുമാനം. ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ വിശ്വാസ സംരക്ഷണത്തിന് മുറിവേറ്റിട്ടുണ്ടെങ്കില്‍ നിയമോപദേശം തേടാനും തീരുമാനമായി
6. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കെ.കെ സുഭാഷിന്റെ കാര്‍ട്ടൂണിന് ലളിതകല അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളെ വികലമായി ചിത്രീകരിച്ചതിലാണ് പ്രതിഷേധം. മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് കാര്‍ട്ടൂണിലെ ചിത്രീകരണം എന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് അവാര്‍ഡ് പുനപരിശോധിക്കാന്‍ മന്ത്രി എ.കെ ബാലന്‍ നിര്‍ദേശിച്ചത്.
7. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി പക്ഷത്തിന് തിരിച്ചടി. ജോസ്.കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിന് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയുടെ നടപടി, പി.ജെ. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ച്. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ആണ് സ്റ്റേ. ജോസ് കെ മാണി ചെയര്‍മാന്റെ ഓഫീസ് കൈകാര്യം ചെയ്യുന്നതിന് വിലക്കുണ്ട്
8. കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ്. കെ മാണിയെ തിരഞ്ഞെടുത്തു എന്ന് കാണിച്ച് മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആണ് കോടതിയുടെ സ്റ്റേ. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് മുതിര്‍ന്ന അംഗം കെ.എ ആന്റണിയാണ് കത്ത് നല്‍കിയത്. പാര്‍ട്ടി ഭരണഘടന അനുസരിച്ചാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത് എന്നാണ് ജോസ്.കെ മാണിയുടെ അവകാശ വാദം. പുതിയ സാഹചര്യത്തില്‍ ജോസ്.കെ മാണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
9. അതേസമയം, ജോസ്.കെ മാണിയെ തിരഞ്ഞെടുത്തതിന് പിന്നാലെ നിയമോപദേശം തേടാന്‍ ഒരുങ്ങി പി.ജെ ജോസഫ്. സി.എഫ് തോമസുമായി പി.ജെ ജോസഫും മോന്‍സ് ജോസഫും കൂടിക്കാഴ്ച നടത്തും. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ആണ് ജോസഫ് വിഭാഗത്തിന്റെ വിശദീകരണം
10. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചത് രാഷ്ട്രീയ പ്രേരിതം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് ഏറ്റ തിരിച്ചടിയാണ് കോടതി വിധി. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് പിന്‍ വലിക്കണം കമ്മറ്റിയുടെ സമഗ്രമായ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നും എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്നും ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.
11. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അദ്ധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജിയിലാണ് നടപടി. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്‌ക്കാരം നടപ്പാക്കുന്നത് എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതു വിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. ഹൈക്കോടതി വിധി വരുന്നതോടെ ഈ പരിഷ്‌ക്കാരങ്ങള്‍ എല്ലാം അസാധുവാകും. അതേസമയം കോടതി വിധിയില്‍ പ്രതികരിക്കാനില്ല എന്ന് ഡോ. എം.എ ഖാദര്‍. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളെ ഒരു കുടക്കീഴില്‍ ആക്കുന്നതായിരുന്നു ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട്.
|
|
|