തൃശൂർ: കാർട്ടൂൺ പുരസ്കാര വിവാദത്തിൽ സർക്കാരിന്റെ അഭിപ്രായം തള്ളി ലളിതകലാ അക്കാദമി. കാർട്ടൂൺ പുരസ്കാരം പിൻവലിക്കില്ലെന്നും ജൂറി തീരുമാനം അന്തിമമെന്നും അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അറിയിച്ചു. അതേസമയം പുരസ്കാരം പുനഃപരിശോധിക്കണമെന്ന് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി. സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ.ബാലൻ പറഞ്ഞപ്രകാരം പുരസ്കാര നിർണയം ലളിതകലാ അക്കാദമി പുനഃപരിശോധിച്ചു. യാതൊരു തരത്തിലുള്ള അപാകതകളും പുരസ്കാര നിർണയത്തിൽ ഇല്ലെന്ന് അക്കാദമി ഭരണസമിതി യോഗം വിലയിരുത്തി. മികച്ച ജൂറി. മികച്ച തീരുമാനം. വിശ്വാസത്തെ മോശമായി ചിത്രീകരിക്കുന്നതൊന്നും കാർട്ടൂണിൽ ഇല്ലെന്നാണ് അക്കാദമിയുടെ നിരീക്ഷണം. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ഭരണഘടനാ ലംഘനമുണ്ടോയെന്ന് നിയമോപദേശം തേടും. അക്കാദമി തീരുമാനത്തെ സാംസ്കാരിക നായകരും എഴുത്തുകാരുമായ എന്‍.എസ്.മാധവനും സേതുവും പ്രശംസിച്ചു.
എന്നാൽ പുരസ്കാരം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചുനില്‍ക്കുകയാണ് ക്രൈസ്തവ സംഘടനകൾ. ഇക്കാര്യം ഉന്നയിച്ച് രണ്ടാം തവണയും ക്രൈസ്തവ മത വിശ്വാസികള്‍ ലളിതകലാ അക്കാദമിയിലേക്ക് മാർച്ച് നടത്തി.