ന്യൂഡൽഹി: ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തന്നെ തുടരും. ആഭ്യന്തര മന്ത്രിയായതോടെ അമിത് ഷായെ സഹായിക്കാൻ വർക്കിംഗ് പ്രസിഡന്റായി ജെ.പി നദ്ദയെ നിയോഗിച്ചു. അടുത്ത ആറ് മാസത്തേക്കാണ് നിയമനം. ഡൽഹിയിൽ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അമിത് ഷാ, സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, രാം ലാൽ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ അഞ്ച് വർഷമായി അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി വൻ വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുകയാണ്. പാർട്ടിയുടെ ചുമതല ആരെങ്കിലും ഏറ്റെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തെ സഹായിക്കുന്നതിനായി ജെ.പി നദ്ദയെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി നിയോഗിക്കുകയാണ്- യോഗത്തിൽ രാജ്നാഥ് സിംഗ് പറഞ്ഞു. ഹിമാചൽ പ്രദേശത്ത് നിന്നുള്ള ബി.ജെ.പി നേതാവായ നദ്ദ ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു.