പാട്ന: ബീഹാറിലെ മുസഫർപുരിൽ മസ്തിഷ്‌കജ്വരം(എൻസെഫലൈറ്റിസ്) ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി. അസുഖബാധയെ തുടർന്ന് ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 83 കുട്ടികളും കേജ്‌രിവാൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച 17 കുട്ടികളുമാണ് 16 ദിവസത്തിനുള്ളിൽ മരിച്ചത്.
അതേസമയം, മസ്തിഷ്കമരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെ ബീഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ ''ക്രിക്കറ്റ് സ്കോർ" എത്രയായി എന്ന് ചോദിച്ചത് വിവാദമായി.
'എത്ര വിക്കറ്റുകൾ വീണു' എന്ന് മംഗൾ യോഗത്തിനിടെ ചോദിക്കുന്നതും മറുപടിയായി നാല് വിക്കറ്റ് വീണെന്ന് ആരോ മന്ത്രിയെ അറിയിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
മംഗളിന്റെ അദ്ധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ കേന്ദ്രമന്ത്രിമാരായ ഹർഷവർദ്ധൻ, അശ്വിനികുമാർ ചൗബെ എന്നിവരും പങ്കെടുത്തിരുന്നു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാലു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.