മാഞ്ചസ്റ്റർ : ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. തോൽവിക്ക് പിന്നാലെ പാക് താരങ്ങൾക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്‌ക്കുമെതിരെ ആക്രമണവുമായി പാക് ആരാധകർ രംഗത്തെത്തി. ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന്റെ തലേന്ന് പുലർച്ചെ ഒരു മണിക്ക് മാഞ്ചസ്റ്ററിലെ ഒരു കഫേയിൽ സാനിയ മിർസയ്ക്കൊപ്പം ഷൊയ്ബ് മാലിക്ക് അടക്കമുള്ള താരങ്ങൾ പാർട്ടിയില്‍ പങ്കെടുത്തു എന്ന കാരണം പറഞ്ഞാണ് ആരാധകരുടെ ആക്രമണം. കഫേയിൽ സാനിയയ്ക്കൊപ്പം ഷൊയ്ബ് മാലിക്ക് അടക്കമുള്ള താരങ്ങൾ ഭക്ഷണം കഴിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ചിത്രങ്ങളും ആരാധകർ പങ്കുവച്ചു. ഇരുവർക്കുമൊപ്പം പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉൽ ഹഖ് തുടങ്ങിയവരെയും ചിത്രങ്ങളിൽ കാണാം.
ഇന്ത്യക്കെതിരായ മത്സരത്തിന് മുൻപുള്ള പാക് താരങ്ങളുടെ പാർട്ടി തോൽവിക്ക് കാരണമായി എന്നാണ് ആരോപണം. ഷൊയ്ബ് മാലിക്കിനേയും ഭാര്യ സാനിയയേയും ലക്ഷ്യമിട്ടാണ് പ്രതിഷേധം. ഷൊയ്ബ് മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു.
എന്നാൽ അരാധകരുടെ രോഷത്തിന് മറുപടിയുമായി സാനിയ രംഗത്തെത്തി. 'സ്വകാര്യതയെ മാനിക്കാതെ പകർത്തിയ ദ്യശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും. കളി തോറ്റാൽ പട്ടിണി കിടക്കാനാകില്ലെന്നും വിഡ്ഢികളായ വിമർശകർ പോയി വേറെ പണി നോക്കുവെന്നും സാനിയ ട്വിറ്രറിൽ കുറിച്ചു.