black-money-

മുംബൈ∙ നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ കർശന നടപടിയുമായി മോദി സർക്കാർ. വിദേശത്തും മറ്റും കള്ളപ്പണം നിക്ഷേപിച്ച് നികുതിവെട്ടിക്കുന്നവർക്കെതിരെയാണ് കേന്ദ്രം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഇവ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിലും മറ്റും പണം നിക്ഷേപിച്ച് അനധികൃത ഇടപാടുകൾ നടത്തുന്നവർക്ക് നിശ്ചിത തുക കോംപൗണ്ടിംഗ് ഫീസായി നൽകി രക്ഷപ്പെടാമെന്ന പഴുതുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഇത് സാദ്ധ്യമല്ല. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ( സി.ബി.ഡി.ടി) കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്.

2015ലെ കള്ളപ്പണ വിരുദ്ധ നിയമം ക്രമപ്പെടുത്തൽ തുക അടയ്ക്കുന്നത് നിയമവിരുദ്ധമാക്കിയിരുന്നെങ്കിലും കണ്ടെത്തുന്ന തുകയുടെ 30 ശതമാനം നിശ്ചിത സമയത്തിനുള്ളിൽ നികുതിയും പിഴയും കൂടി അടച്ച് മറ്റുനിയമനടപടികളിൽ നിന്ന് ഒഴിവാകുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ ഇനിമുതൽ ഇതു സാദ്ധ്യമല്ലെന്നാണ് സി.ബി.ഡി.ടിയുടെ പുതിയ നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത്. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിലായതോടെ 2014 ഡിസംബറിൽ ഇതിനായി മുൻപ് നൽകിയിരുന്ന നിബന്ധനകൾ പ്രാബല്യത്തിലില്ലാതായി.

ബെനാമി ഇടപാടുകൾ, വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങൾ, വരുമാനം, കള്ളപ്പണം വെളുപ്പിക്കൽ, തെറ്റായ ക്രയവിക്രയ രേഖകൾ സമർപ്പിക്കുക തുടങ്ങി കാറ്റഗറി ബിയിൽ സി.ബി.ഡി.ടി ഉൾപ്പെടുത്തിയ കുറ്റങ്ങൾ ചെയ്യുന്നവർക്കെല്ലാം കർശനമായ നടപടികൾ നേരിടേണ്ടതായി വരും.