അലിഗഢ്: നാല് ആൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറിയ 55കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വയസു മുതൽ എട്ട് വയസുവരെ പ്രായമായ കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. ഉത്തർപ്രദേശിലെ അലിഗഢിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മുന്നി ദേവി എന്ന സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരക്കുട്ടിയെ ആൺകുട്ടികൾ ഉപദ്രവിക്കുമെന്ന പേടിയെ തുടർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കരുതുന്നു.
നാല് ആൺകുട്ടികൾക്കൊപ്പം മുന്നി ദേവിയുടെ പേരക്കുട്ടി കഴിഞ്ഞ ദിവസം വീടിനടുത്തുനിന്ന് കളിച്ചിരുന്നു. ഇതുകണ്ട അവർ ആൺകുട്ടികളെ വീടിനുള്ളിലേക്ക് വിളിച്ചശേഷം സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറിയെന്നാണ് പരാതി. സംഭവത്തിനിടെ ആൺകുട്ടികൾ ഉറക്കെ നിലവിളിച്ചതോടെ അയൽക്കാർ കാര്യം അന്വേഷിക്കുകയായിരുന്നു. സംഭവം മനസിലാക്കിയതോടെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
ആൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എന്തിനാണ് സ്ത്രീ ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു. 55 കാരിക്കെതിരെ പോക്‌സോ നിയമം അടക്കമുള്ളവ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.