ടോണ്ടൻ : ബംഗ്ളാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ 321/8 എന്ന സകോർ ഉയർത്തി വിജയപ്രതീക്ഷയുമായി നിന്ന വെസ്റ്റ് ഇൻഡീസിനെ ഞെട്ടിച്ച് 51 പന്തുകൾ അവശേഷിക്കേ ഏഴുവിക്കറ്റിന്റെ തകർപ്പൻ ചേസിംഗ് ജയം നേടി ബംഗ്ളാദേശ്.
തട്ടുപൊളിപ്പൻ സെഞ്ച്വറിയുമായി (99പന്തുകളിൽ പുറത്താകാതെ 124 റൺസ്,16 ബൗണ്ടറികൾ)പുറത്താകാതെ നിന്ന ഷാക്കിബ് അൽ ഹസന്റെ മിന്നുന്ന പ്രകടനമാണ് ഇൗ ലോകകപ്പിലെ ഏറ്റവും വലിയ ചേസിംഗ് വിജയത്തിന് ബംഗ്ളാ കടുവകളെ സഹായിച്ചത്. ലിട്ടൺ ദാസുമായി (69 പന്തുകളിൽ 94 നോട്ടൗട്ട് ) ചേർന്ന് നാലാം വിക്കറ്റിൽ ഷാക്കിബ് കൂട്ടിച്ചേർത്ത 189 റൺസ് ഇൗ ലോകകപ്പിൽ ഇതുവരെയുള്ള മികച്ച കൂട്ടുകെട്ടുമായി. തമിം ഇഖ്ബാൽ (48), സൗമ്യ സർക്കാർ (29) എന്നിവർ നല്ല തുടക്കമാണ് ബംഗ്ളാദേശിന് നൽകിയത്.
ടോണ്ടനിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഷായ് ഹോപ്പിന്റെയും (96) എവിൻ ലെവിസിന്റെയും (70), ഹെട്‌മേയറുടെയും (50) അർദ്ധ സെഞ്ച്വറികളുടെ മികവിലാണ് മികച്ച സ്കോറിലെത്തിയത്.
പതിവ് ശൈലിയിൽ നിന്ന് വിഭിന്നമായി പ്രതിരോധിച്ചുകളിച്ച ക്രിസ് ഗെയ്‌ൽ (0) 13 പന്തുകൾ നേരിട്ടിട്ടും റൺസെടുക്കാതെ പുറത്തായത് വിൻഡീസിനെ തളർത്തിയിരുന്നു. എന്നാൽ ആ വേദന മറക്കാൻ കരീബിയൻ ടീമിനെ പ്രാപ്തരാക്കിയത് രണ്ടാം വിക്കറ്റിൽ ഒരുമിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഷായ് ഹോപ്പും ഒാപ്പണർ ലെവിസുമാണ്. നാലാം ഒാവർ മുതൽ 25-ാം ഒാവർ വരെ ക്രീസിൽ ഉണ്ടായിരുന്ന ഇൗ സഖ്യം കൂട്ടിച്ചേർത്തത് 116 റൺസാണ്. വലിയ തകർച്ചയിൽനിന്ന് മാന്യമായ നിലയിലേക്കെത്തിച്ച സഖ്യത്തെ തകർത്തത് ഷാക്കിബ് അൽഹസനാണ്. 67 പന്തുകളിൽ ആറ് ഫോറുകളും രണ്ട് സിക്സുകളും പറത്തിയ ലെവിസിനെ പുറത്താക്കുകയായിരുന്നു ഷാക്കിബ്. തുടർന്ന് നിക്കോളാസ് പുരാൻ (25), ഹെട്‌മേയർ (50) എന്നിവർ വേഗത്തിൽ സ്കോർ ഉയർത്താൻ ശ്രമിച്ചു. അപ്പോഴൊക്കെ ഹോപ്പ് ഒരറ്റത്ത് ശക്തമായി നിലകൊണ്ടു. 26 പന്തുകളിൽ അർദ്ധ സെഞ്ച്വറികണ്ട ഹെട്‌മേയർ 39.3-ാം ഒാവറിൽ ടീമിനെ 242/4 ലെത്തിച്ചാണ് പുറത്തായത്. തുടർന്നിറങ്ങിയ റസൽ (0) ഡക്കായി. ക്യാപ്ടൻ ജാസൺ ഹോൾഡർ (33 റൺസ്, 15 പന്തുകൾ) പുറത്തായ ശേഷമാണ് ഹോപ്പ് പുറത്തായത്. ഒഷാനേ തോമസ് (6)നോട്ടൗട്ടും ബ്രാവോ 19 റൺസെടുത്ത് അവസാന പന്തിൽ പുറത്താവുകയുമായിരുന്നു. ബംഗ്ളാദേശിനായി മുഹമ്മദ് സെയ്ഫുദ്ദീനും മുസ്താഫിസുർ റഹ്‌മാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷാക്കിബിന് രണ്ട് വിക്കറ്റ് ലഭിച്ചു.
ബംഗ്ളാദേശിനെതിരായ കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഹോപ്പിന്റെ സ്കോറുകൾ ഇങ്ങനെ: 146, 108, 109, 87, 74, 96.
26 പന്തുകൾ മാത്രമാണ് ഇന്നലെ ഹെട്മേയർക്ക് അർദ്ധ സെഞ്ച്വറി നേടാൻ വേണ്ടിവന്നത്. നാല് ഫോറും മൂന്ന് സിക്സും ഹെട്‌മേയർ പറത്തി.