നാടോടിക്കാറ്റിലെ ഗഫൂർക്ക എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച മാമുക്കോയ 32 വർഷത്തിനുശേഷം ഇതേ വേഷം ചെയ്യുന്നു.മജീദ് മാറഞ്ചേരി രചനയും സംവിധാനവും നിർവഹിക്കുന്ന കൊണ്ടോട്ടിപ്പൂരം എന്ന സിനിമയിലാണ് മാമുക്കോയ ഗഫൂർക്കയായി വീണ്ടും വേഷപ്പകർച്ച നടത്തുന്നത്.ഗഫൂർക്കയെ വീണ്ടും അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രത്തെയാണ് ഒരിക്കൽക്കൂടി അവതരിപ്പിക്കുന്നതെന്നും മാമുക്കോയ സിറ്റി കൗമുദിയോട് പറഞ്ഞു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് മമ്മൂട്ടിയും മോഹൻലാലും ഐ.വി.ശശിയും സീമയും സെഞ്ച്വറി കൊച്ചുമോനും ചേർന്നാണ് നിർമ്മിച്ചത്.ശ്രീനിവാസനാണ് നാടോടിക്കാറ്റിന് തിരക്കഥ എഴുതിയത്.ദാസനെയും വിജയനെയും ദുബായിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പറ്റിച്ച ഗഫൂർക്ക ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
അതേ സമയം ഹാഷിം അബ്ബാസ് എന്ന അറബ് പൗരനാണ് കൊണ്ടോട്ടിപ്പൂരത്തിലെ നായകൻ.ഇയാളുടെ സഹായിയായാണ് ഗഫൂർക്ക ഇപ്രാവശ്യം എത്തുന്നത്. മലപ്പുറവും പരിസര പ്രദേശവുമാണ് ലൊക്കേഷൻ.സുനിൽ സുഖദ, ശിവജി ഗുരുവായൂർ, സരസാ ബാലുശേരി എന്നിവരാണ് മറ്റു താരങ്ങൾ.ടേക്ക് ഓഫ് സിനിമയുടെ ബാനറിൽ സുധീർ പൂജപ്പുര നിർമ്മിക്കുന്ന കൊണ്ടോട്ടിപ്പൂരം ഒരു ഷെഡ്യൂളിൽ പൂർത്തിയാകും.