പത്തിലക്കാലമെന്നും കർക്കടകത്തിന് പേരുണ്ട്. പകർച്ച വ്യാധികളും വാതരോഗങ്ങളുമെല്ലാം ഭീഷണി ഉയർത്തുന്ന കർക്കടകത്തിന്റെ മറുകര താണ്ടാൻ പഴമക്കാർ ഉപയോഗിച്ചിരുന്ന ഈ ഇലക്കറികൾ ഔഷധശേഖരങ്ങളാണ്. താള്, തകര, ചീര, മത്തൻ, കുമ്പളം, ചേന, ഉഴുന്ന്, പയറ്, ആനത്തൂവ, നെയ്യുണ്ണി എന്നിവയാണ് പത്തിലകൾ. കാത്സ്യം, ഫോസ്ഫറസ് , ഇരുമ്പ്, നാരുകൾ, മാംസ്യം,റൈബോഫ്ളേവിൻ, തയാമിൻ, ഫോസ്ഫറസ്, വൈറ്റമിൻ ബി 6, സി, പൊട്ടാസ്യം, നിയാസിൻ, മാംഗനീസ്, കോപ്പർ എന്നിവ പത്തിലകളിലുണ്ട്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക, ദഹനം സുഗമമാക്കുക, ചർമ്മരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കുടൽ രോഗങ്ങൾ, വാതം എന്നിവയെ ശമിപ്പിക്കുക തുടങ്ങിയ ധർമ്മങ്ങൾ നിർവഹിക്കുന്നു ഈ പത്തിലകൾ. സാധാരണ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കർക്കടകത്തിൽ നാം ഇലക്കറികൾ കഴിച്ചിരിക്കണം എന്നാണ് പഴമക്കാർ പറയുന്നത്. കൊളസ്ട്രോളും ദുർമേദസും അകറ്റി ഹൃദയാരോഗ്യം സംരക്ഷിക്കാനും രക്തസമ്മർദ്ദമകറ്റാനും മാത്രമല്ല, മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാൻ സഹായിക്കുന്നു പത്തിലകൾ.